'രണ്ടു പേരും ഇങ്ങനെ കളിച്ചാല്‍ പോര', പാക് ബാറ്റര്‍മാരെ വിമര്‍ശിച്ച് ഇന്‍സി

പാകിസ്ഥാന്റെ ഓപ്പണിംഗ് ബാറ്റര്‍മാരായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും കളി മെച്ചപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം ഇന്‍സമാം ഉള്‍ ഹക്ക്. വെസ്റ്റിന്‍ഡീസുമായുള്ള വാംഅപ്പ് മത്സരത്തില്‍ ഇരു താരങ്ങളുടെയും മെല്ലെപ്പോക്കിനെയാണ് ഇന്‍സി വിമര്‍ശിച്ചത്. മത്സരത്തില്‍ റിസ്വാന്‍ 13 റണ്‍സിന് പുറത്തായിരുന്നു. ബാബര്‍ അസം അര്‍ദ്ധ സെഞ്ച്വറി നേടിയെങ്കിലും ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ബാബറും റിസ്വാനും വളരെ നന്നായാണ് കളിക്കുന്നത്. എന്നാല്‍ അവരുടെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നു. ബാബറിനെയും റിസ്വാനെയും പാക് ടീം വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. ഇരുവരും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചെയ്തില്ലെങ്കില്‍ പാകിസ്ഥാന്‍ കഷ്ടത്തിലാകും- ഇന്‍സമാം പറഞ്ഞു.

ആദ്യ ആറ് ഓവറിലെ ഫീല്‍ഡിംഗ് നിയന്ത്രണങ്ങളുടെ ആനുകൂല്യം ബാബറും റിസ്വാനും മുതലാക്കണം. പ്രത്യേകിച്ച് നല്ല ടീമുകളെ നേരിടുമ്പോള്‍. വെസ്റ്റിന്‍ഡീസിനെതിരെ പാകിസ്ഥാന്‍ മൂന്നിലധികം ഓവറുകള്‍ ബാക്കിവച്ച് വിജയത്തിലെത്തി. എന്നാല്‍ ഫഖര്‍ സമാന്റെ അതിവേഗ ബാറ്റിംഗാണ് അതിനു വലിയ തോതില്‍ സഹായിച്ചതെന്നും ഇന്‍സമാം പറഞ്ഞു.