'അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിച്ചു', സിക്‌സര്‍ ഗുരു ആരെന്ന് പറഞ്ഞ് റസല്‍

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പവര്‍ ഹിറ്റര്‍മാരിലൊരാളാണ് ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസല്‍. വെസ്റ്റിന്‍ഡീസ് ടീമിലെ സഹതാരം ക്രിസ് ഗെയ്‌ലില്‍ നിന്ന് പഠിച്ച കാര്യങ്ങളാണ് കൂറ്റന്‍ സിക്‌സുകള്‍ നേടാന്‍ തന്നെ സഹായിക്കുന്നതെന്ന് റസല്‍ പറഞ്ഞു.

സിക്‌സുകളുടെ കാര്യത്തില്‍ ഗെയ്ല്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ബൗണ്ടറിക്കരുകില്‍ ക്യാച്ച് നല്‍കി പുറത്താകുന്നതിന് ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍ പന്തിനെ ബൗണ്ടറിക്ക് മുകളിലൂടെ അടിക്കുന്നു. സിക്‌സര്‍ ആണെന്ന് ഉറപ്പുവരുത്തുന്നു- റസല്‍ പറഞ്ഞു.

എല്ലാ ദിവസവും 20-30 പുഷ് അപ്പുകള്‍ ഞാനെടുക്കും. ശരീരത്തിന്റെ കരുത്ത് നിലനിര്‍ത്തുന്നതിനുവേണ്ടിയാണത്.അതിനാലാണ് നൂറ് മീറ്ററിന് അപ്പുറം പോകുന്ന വലിയ സിക്‌സുകള്‍ പറത്താന്‍ സാധിക്കുന്നത്. തുടര്‍ച്ചയായി കൂറ്റന്‍ സിക്‌സുകള്‍ അടിക്കുന്നതിന് നിരന്തര പരിശ്രമം വേണ്ടതുണ്ടെന്നും റസല്‍ പറഞ്ഞു.