'അവന്‍ എന്നെ കുഴപ്പത്തിലാക്കിയേനെ', ഭയക്കുന്ന ബാറ്ററെ പറഞ്ഞ് സ്റ്റെയ്ന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇപ്പോള്‍ സജീവമായ ബാറ്റര്‍മാരില്‍ താന്‍ ഭയക്കുന്നത് ആരെയെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. കെ.എല്‍. രാഹുല്‍ തന്നെ കുഴപ്പത്തിലാക്കിയേനെയെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്.

ഒരു ബോളറെന്ന നിലയില്‍ ഈ തലമുറയിലെ ഏതു ബാറ്റര്‍ നിങ്ങള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുമായിരുന്നെന്നാണ് കരുതുന്നതെന്ന ചോദ്യമാണ് ആരാധകന്‍ ഉന്നയിച്ചത്. കെ.എല്‍. എന്നായിരുന്നു സ്‌റ്റെയ്‌ന്റെ മറുപടി. കെ.എല്‍. രാഹുലിനെ ചുരുക്കിയെഴുതുകയായിരുന്നു സ്റ്റെയ്ന്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതു മുതല്‍ രാഹുല്‍ ഉശിരന്‍ ഫോമിലാണ്. നാലു ടെസ്റ്റുകളില്‍ നിന്ന് 315 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്. ലോര്‍ഡ്‌സിലെ സെഞ്ച്വറിയും രാഹുലിന്റെ കരിയറിന്റെ തിളക്കമേറ്റി. ഐപിഎല്ലിലും രാഹുല്‍ റണ്‍ വേട്ട തുടര്‍ന്നു. ട്വന്റി20 ലോക കപ്പില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടാനും രാഹുലിന് സാധിച്ചിരുന്നു.