'അവന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ആരാധകന്‍', സൂപ്പര്‍ താരത്തെ വാഴ്ത്തി ശാസ്ത്രി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിന്റെ ആരാധകനാണെന്ന് മുന്‍ കോച്ച് രവി ശാസ്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷമായി പഞ്ചദിന മത്സരങ്ങളുടെ അംബാസഡറാണ് ഇന്ത്യന്‍ ടീമെന്നും ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഏതെങ്കിലുമൊരു ടീം ടെസ്റ്റ് ക്രിക്കറ്റിന്റെ അംബാസഡറായി നിലകൊള്ളുന്നുവെങ്കില്‍ അത് ഇന്ത്യയാണെന്നാണ് ഞാന്‍ കരുതുന്നത്. വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിനെ പൂജിക്കുന്നു. ഇന്ത്യ കളിക്കുന്ന ഏകദിനങ്ങളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഈ വസ്തുത ഏവരെയും അതിശയിപ്പിച്ചേക്കാം- ശാസ്ത്രി പറഞ്ഞു.

ഇന്ത്യന്‍ ടീമിലെ ആരോടു വേണമെങ്കിലും ചോദിക്കൂ, അവരില്‍ 99 ശതമാനംപേരും ടെസ്റ്റിനെ ഇഷ്ടപ്പെടുന്നതായി പറയും. അതുകൊണ്ടാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്ത്യന്‍ ടെസ്റ്റില്‍ തിളങ്ങുന്നത്. വര്‍ഷാന്ത്യത്തില്‍ ലോകത്തെ ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തുന്നതെന്നും ശാസ്ത്രി പറഞ്ഞു.