'തുടക്കത്തില്‍ ബാറ്റ് ചെയ്യാന്‍ അവന് അറിയില്ല', യുവതാരത്തെ വിമര്‍ശിച്ച് ഗവാസ്‌കര്‍

യുവ ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ മാറ്റംവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഇഷാന്‍ കിഷന്‍ നാലാമതോ അഞ്ചാമതോ ബാറ്റ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. അങ്ങനെയെങ്കില്‍ ഇഷാന്‍ ക്രീസിലെത്തുമ്പോള്‍ 4-5 ഓവറുകളേ അവശേഷിക്കുകയുള്ളൂ. അതിനാല്‍ ഇഷാന് ആക്രമിച്ച് കളിക്കാന്‍ സാധിക്കും. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ഇറങ്ങുമ്പോള്‍ ഇഷാന് ചില പ്രശ്‌നങ്ങളുണ്ട്. എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അവന് അറിയില്ല. എത്ര റണ്‍സാണ് വേണ്ടിവരുന്നതെന്നതിനെ കുറിച്ചും ഇഷാന് ധാരണയില്ല- ഗവാസ്‌കര്‍ പറഞ്ഞു.

ഇന്നത്തെ കളിയില്‍ രാഹുലിനൊപ്പം രോഹിത് ഓപ്പണ്‍ ചെയ്യണം. വിരാട് മൂന്നാം നമ്പറില്‍ വരണം. സൂര്യകുമാര്‍ യാദവ് കായികക്ഷമത വീണ്ടെടുത്തോയെന്ന് അറിയില്ല. സൂര്യകുമാറിനെ തഴഞ്ഞതല്ല. പക്ഷേ, താരത്തിന് പുറംവേദനയുണ്ടായിരുന്നു. അതാണ് കഴിഞ്ഞ കളിയില്‍ ഇഷാനെ ഇറക്കിയത്. സൂര്യകുമാര്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ടീമില്‍ ഇടംനേടുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.