'അവര്‍ തമ്മില്‍ ഉടക്കരുതേ', പ്രാര്‍ത്ഥനയോടെ ഗവാസ്‌കര്‍

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാര്‍ഗദര്‍ശിയായി മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ നിയമിച്ചതിനെ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. ധോണിയുടെ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ സ്വാധീനിക്കുമെന്ന് ഏവരും കരുതുന്നു. എന്നാല്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അല്‍പ്പം ആശങ്കയിലാണ്. ധോണിയും ഹെഡ് കോച്ച് രവി ശാസ്ത്രിയും ഉടക്കുമോയെന്നാണ് ലിറ്റില്‍ മാസ്റ്ററുടെ ഭയം. 2004ല്‍ ജോണ്‍ റൈറ്റിന്റെ കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി നിയോഗിക്കപ്പെട്ട തനിക്കുണ്ടായ അനുഭവമാണ് ഗവാസ്‌കറിന്റെ ആകുലതയ്ക്ക് കാരണം.

രവിയും ധോണിയും തമ്മില്‍ അഭിപ്രായഭിന്നതയോ സംഘര്‍ഷമോ ഉടലെടുക്കരുതെന്നാണ് എന്റെ പ്രാര്‍ത്ഥന. ടീം തിരഞ്ഞെടുപ്പിനേയോ തന്ത്രങ്ങളേയോ ചൊല്ലി ഇരുവരും തമ്മില്‍ തെറ്റിയാല്‍ അതു കളിക്കാരെ ബാധിക്കും. അങ്ങനെ സംഭവിക്കരുതെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ശാസ്ത്രിയുടെയും ധോണിയുടെയും ചിന്താഗതി ഒരു പോലെയായാല്‍ ഇന്ത്യക്കത് വലിയ തോതില്‍ ഗുണം ചെയ്യും- ഗവാസ്‌കര്‍ പറഞ്ഞു.

2004ല്‍ ജോണ്‍ റൈറ്റിന്റെ കാലത്ത് എന്നെ ഇന്ത്യന്‍ ടീമിന്റെ ഉപദേശകനാക്കി. അത് റൈറ്റിന്റെ മനസില്‍ സംഘര്‍ഷം സൃഷ്ടിച്ചു. ഞാന്‍ പരിശീലക സ്ഥാനം തട്ടിയെടുക്കുമെന്ന് അദ്ദേഹം ഭയന്നിരിക്കാം. എന്നാല്‍ ധോണിയുടെയും ശാസ്ത്രിയുടെയും കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ധോണിക്ക് കോച്ചിംഗില്‍ ഒരു താത്പര്യവുമില്ലെന്ന് ശാസ്ത്രിക്കറിയാം-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.