'ഈ പ്രായത്തിലും എന്നാ ഉശിരാ', രഹസ്യം പറഞ്ഞ് ആന്‍ഡേഴ്‌സണ്‍

ലീഡ്‌സില്‍ ജയിംസ് ആന്‍ഡേഴ്‌സന്റെ മാരക പേസ് ബോളിംഗാണ് ഇന്ത്യന്‍ ബാറ്റിംഗിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിയിട്ടത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ അടക്കം മൂന്നു പേര പുറത്താക്കിയ ആന്‍ഡേഴ്‌സണ്‍ ഇന്ത്യന്‍ മുന്‍നിരയെ കശക്കിയെറിഞ്ഞു. മുന്‍ഗാമികളും സമപ്രായക്കാരും വിരമിച്ച് വിശ്രമം ജീവിതം നയിക്കുമ്പോഴാണ് ആന്‍ഡേഴ്‌സനിലെ പേസര്‍ പഴകുംതോറും വീര്യം കൂടുന്ന വീഞ്ഞാകുന്നത്. അതിന്റെ രഹസ്യം താരം തന്നെ പറയുന്നു.

പ്രായം കൂടുംതോറും ജിമ്മില്‍ അല്‍പ്പം കഠിനമായി വ്യായാമത്തില്‍ ഏര്‍പ്പെടാന്‍ തോന്നും. നെറ്റ്‌സില്‍ കുറച്ചുമാത്രം പന്തെറിഞ്ഞാല്‍ മതിയെന്നാണ് തോന്നിയത്. ഇതിലൂടെ കളത്തില്‍ കൂടുതല്‍ ഊര്‍ജ്ജം ചെലവിടാനാകും- ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

വലിയ മത്സരങ്ങള്‍ക്കും സ്‌പെല്ലുകള്‍ക്കും മാനസികമായി തയ്യാറെടുക്കുകയാണ് ടെസ്റ്റിലെ ഏറ്റവും വലിയ പരീക്ഷണം. മത്സരങ്ങളിലെല്ലാം ഉണര്‍ന്നിരിക്കുന്നതിലും കളിയില്ലാത്തപ്പോള്‍ അടങ്ങിയിരിക്കുന്നതിലുമാണ് കാര്യം. ലോര്‍ഡ്‌സില്‍ നിന്ന് തിരിച്ചു കയറുമ്പോള്‍ അതുവരെ അനുഭവിച്ച എല്ലാ കാര്യങ്ങളും വേദനിപ്പിച്ചു. എന്നാല്‍ നിശ്ശബ്ദനായി ജോലി നിര്‍വ്വഹിക്കുകയായിരുന്നു ലീഡ്‌സിലെ ലക്ഷ്യമെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.