'ഐ.പി.എല്ലിലെ സ്റ്റാറൊക്കെ തന്നെ, പക്ഷേ, അവനെ വിന്‍ഡീസിന് വേണ്ട', തുറന്ന് പറഞ്ഞ് പൊള്ളാര്‍ഡ്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി മികച്ച പ്രകടനം നടത്തുന്ന സുനില്‍ നരെയ്‌നെ ട്വന്റി20 ലോക കപ്പിനുള്ള വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്ന് ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ്. എലിമിനേറ്ററില്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങിയ നരെയ്‌നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

നരെയ്‌ന്റെ കാര്യത്തില്‍ ആവശ്യമില്ലാത്ത അഭിപ്രായ പ്രകടനം നടത്തിയാല്‍ അതു വളച്ചൊടിക്കപ്പെടും. എന്താണ് നരെയ്‌നെ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്നതില്‍ രണ്ടു വാക്ക് പറഞ്ഞാല്‍ ഷാര്‍ജയിലെ പിച്ചില്‍ അദ്ദേഹത്തിന്റെ പന്തുകളെന്നപോലെ അവ പലവഴിക്ക് തിരിഞ്ഞുപോകും- പൊള്ളാര്‍ഡ് പറഞ്ഞു.

ലോക കപ്പ് ടീമിലെ 15 താരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കൂ. അതാണ് പ്രധാനപ്പെട്ട കാര്യം. അവര്‍ക്കു പിന്നില്‍ അണിനിരന്നാല്‍ വിന്‍ഡീസിന് കിരീടം നിലനിര്‍ത്താന്‍ സാധിക്കും. നരെയ്‌നെ ഒഴിവാക്കിയതിനെ കുറിച്ച് ഇനിയൊന്നും പറയാനില്ല. അക്കാര്യത്തില്‍ ആവശ്യത്തിന് പറഞ്ഞിട്ടുണ്ട്. സെലക്ഷനുമായി ബന്ധപ്പെട്ട വ്യക്തികളും വിശദീകരണം നല്‍ക്കിക്കഴിഞ്ഞതായും പൊള്ളാര്‍ഡ് പറഞ്ഞു.