ടി20യില്‍ ഗര്‍ജിച്ച് ഗംഭീറും യുവി

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും യുവരാജ് സിംഗു. ഡല്‍ഹിയും പഞ്ചാബും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ മത്സരത്തിലാണ് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചത്.

എന്നാല്‍ മത്സരം രണ്ട് റണ്‍സിന് യുവരാജും ഹര്‍ജന്‍ സിംഗും അടങ്ങിയ പഞ്ചാബ് ടീം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍ : പഞ്ചാബ് 170/3 (20 ഓവര്‍), ഡെല്‍ഹി 168/4 (20 ഓവര്‍).

ഗൗതം ഗംഭീര്‍ 66 റണ്‍സെടുത്തപ്പോള്‍ യുവരാജ് സിംഗ് 50 റണ്‍സെടുത്തു. ഗംഭീര്‍ 54 പന്തുകളില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുമടക്കം 66 റണ്‍സ് നേടിയപ്പോള്‍ യുവി 40 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 50 റണ്‍സെടുത്തു.

ഫിറോസ് ഷാ കോട്‌ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 50 പന്തില്‍ 74 റണ്‍സെടുത്ത മനന്‍ വോറയും പഞ്ചാബ് നിരയില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി ഗൗതം ഗംഭീറും, ഋഷഭ് പന്തും ചേര്‍ന്ന ഗംഭീര തുടക്കമാണ് നല്‍കിയത്. 25 പന്തില്‍ നിന്ന് 38 റണ്‍സുമായി ഋഷഭ് പന്ത് പുറത്തായത് തിരിച്ചടിയായിത്. അവസാന ഓവറുകളില്‍ ഗംഭീര്‍ ടീമിനെ വിജയത്തില്‍ എത്തിക്കുമെന്ന് കരുതിയെങ്കിലും റണ്ണൗട്ടില്‍ കുടുങ്ങി അദ്ദേഹം പുറത്താവുകയായിരുന്നു.

ഈ വര്‍ഷത്തെ ഐപിഎല്‍ താരലേലം ഈ മാസം അവസാനം നടത്താനിരിക്കേയാണ് സീനിയര്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനം.