ഐ.പി.എല്‍ കഴിഞ്ഞാല്‍ റസലും ഷാക്കിബും നേരെ പാകിസ്ഥാനിലേക്ക്

ഐ.പി.എല്‍ കഴിഞ്ഞാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ ആന്ദ്രെ റസലും ഷാക്കിബ് അല്‍ ഹസനും പാകിസ്ഥാന് പറക്കും. പാതിയില്‍ നിര്‍ത്തിയ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കാനാണ് ഇരുവരും അവിടേക്ക് പറക്കുന്നത്.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പി.എസ്.എല്‍ ആറാം സീസണ്‍ മാറ്റിവെച്ചത്. താരങ്ങള്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഫെബ്രുവരി 20നാണ് ലീഗ് ആരംഭിച്ചത്. 12 ദിവസമായപ്പോഴേക്കും ഏഴ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ജൂണില്‍ പുനരാരംഭിക്കുമ്പോള്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കായാണ് റസല്‍ അടക്കമുള്ള താരങ്ങള്‍ ഇപ്പോള്‍ കരാറിലെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രക്രിയയിലൂടെ വിദേശ പകരക്കാര് താരങ്ങളെ എല്ലാ ഫ്രാഞ്ചൈസികളും തിരഞ്ഞെടുക്കുകയായിരുന്നു.

ടോം ബാന്റണിന് പകരം റസലിനെ സ്വന്തമാക്കിയിരിക്കുന്നത് ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സാണ്. റഷീദ് ഖാനിന് പകരക്കാരനായാണ് ഷാക്കിബ് ലാഹോര്‍ ഖലന്തേഴ്‌സിലേക്ക് എത്തുന്നത്. കറാച്ചി കിംഗ്‌സ് കോളിന്‍ ഇന്‍ഗ്രാമിന് പകരം മാര്‍ട്ടിന്‍ ഗപ്ടിലിനെ സ്വന്തമാക്കി.