യുവതാരങ്ങൾക്ക് കുംബ്ലെയെ പേടി, വെളിപ്പെടുത്തൽ

 

ഇന്ത്യൻ പരിശീലകനായിരിക്കെ അനിൽ കുംബ്ലെയും മുൻ നായകൻ വിരാട് കോഹ്‌ലിയും തമ്മിൽ അത്ര നല്ല ബന്ധം ഉണ്ടായിരുന്നില്ല. പരിശീലകൻ എന്ന നിലയിൽ മോശമല്ലാത്ത റെക്കോർഡ് ഉണ്ടായിരുന്നെങ്കിലും കുംബ്ലെ പുറത്താകാൻ കാര്യം കോഹ്‌ലിക്ക് താത്പര്യം ഇല്ലാത്തത് കൊണ്ടാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെപ്പറ്റി തന്റെ പുസ്തകത്തിലൂടെ പരാമർശിച്ചിരിക്കുകയാണ് മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ്.

മൂന്ന് വർഷം കാലയളവിലാണ് വിനോദ് റായ് 2017 ൽ സ്ഥാനം ഏറ്റെടുത്തത്.അന്നത്തെ കാലയളവിലെ സംഭവങ്ങൾ പ്രതിപാദിക്കുന്ന ‘നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാൻ– മൈ ഇന്നിങ്സ് ഇൻ ദ് ബിസിസിഐ എന്ന പുസ്തകത്തിലാണ് അന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കോലിയും പരിശീലകനായിരുന്ന കുംബ്ലെയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെപ്പറ്റി പരാമർശിക്കുന്നത്.

“‘ക്യാപ്റ്റനും ടീം അംഗങ്ങളുമായുള്ള ആശയവിനിമയത്തിൽനിന്ന്, കുബ്ലെ തികഞ്ഞ അച്ചടക്കം ആവശ്യപ്പെട്ടിരുന്നതായി എനിക്കു ബോധ്യമായി. ഇക്കാരണത്താൽ ടീം അംഗങ്ങൾ അസംതൃപ്തരായിരുന്നു.
ടീമിലെ യുവ താരങ്ങൾ കുബ്ലെയെ ഭയപ്പെട്ടിരുന്നതായി കോലി പറഞ്ഞു. യുകെയിൽനിന്നു മടങ്ങിയെത്തിയതിനു പിന്നാലെ ഞാനും പരിശീലകനും തമ്മിൽ സംസാരിച്ചു. കാര്യങ്ങൾ ഇത്തരത്തിൽ പരിണമിച്ചതിൽ കുംബ്ലെയ്ക്കും കടുത്ത അസംതൃപ്തി ഉണ്ടായിരുന്നു. തനിക്കെതിരായുള്ള പ്രവൃത്തി നീതീകരിക്കാനാകുന്നതിനും അപ്പുറമാണെന്നു പറഞ്ഞ കുംബ്ലെ, ക്ലാപ്റ്റനാണോ അതോ ടീമിനാണോ കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും ചോദിച്ചു”.കുംബ്ലെ കൂടുതൽ ബഹുമാനം അർഹിച്ചിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ അക്കാലത്തെ ചൂടേറിയ ഒരുപാട് സംഭവങ്ങൾ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.