സൂപ്പര്‍ താരം തിരിച്ചെത്തും, ഇന്ത്യയുടെ സാധ്യതാ ടീം

ലോക കപ്പില്‍ വിന്‍ഡീസിനെ നേരിടാന്‍ ഒരുങ്ങുന്ന ടീം ഇന്ത്യയുടെ സാധ്യതാ ടീമിനെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. സൂപ്പര്‍ താരം റിഷഭ് പന്ത് ആദ്യ ഇലവനില്‍ ഇടം പിടിച്ചേയ്ക്കുമെന്നാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുളള സൂചന. ഇതോടെ വിജയ് ശങ്കര്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്താകും.

നാലാം നമ്പറിലാകും പന്ത് ഇന്ത്യയ്ക്കായി കളിക്കുക. പന്തിന്റെ ലോക കപ്പ് അരങ്ങേറ്റമെന്ന പ്രത്യേകത കൂടി ഇതോടെ ഇന്ത്യ-വിന്‍ഡീസ് പോരാട്ടത്തിന് ഉണ്ടാകും.

അഫ്ഗാനെതിരെ പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മ – കെ. എല്‍ രാഹുല്‍ സഖ്യം തന്നെയാവും വിന്‍ഡീസിനെതിരെയും ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണില്‍ പതിവ് പോലെ നായകന്‍ വിരാട് കോഹ്ലിയും എത്തും.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി എത്തുമ്പോള്‍ നാലാം നമ്പറില്‍ മാറ്റം പ്രതീക്ഷിക്കുന്നു. അഞ്ചാമനായി ധോണിയും ആറാമനായി കേദാര്‍ ജാദവും തന്നെയിറങ്ങും. ബാറ്റിംഗ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഹര്‍ദ്ദിക് പാണ്ഡ്യ നാലാം നമ്പറിലോ ഏഴാം നമ്പറിലോ ഇറങ്ങാനുള്ള സാധ്യതയും മുന്നിലുണ്ട്.

ബൗളിംഗിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സ്പിന്നര്‍മാരായി യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തന്നെ തുടരാനാണ് സാധ്യത. പേസ് ബൗളിംഗില്‍ ഭുംറ-ഷമി സഖ്യം തന്നെ തുടരും.

സെമി പ്രതീക്ഷയും ആയാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടാന്‍ ഇറങ്ങുന്നത്. ആദ്യ മൂന്ന് കളികളിലെ ആധികാരിക ജയത്തിനുശേഷം അഫ്ഗാനെതിരെ പൊരുതിയായിരുന്നു ഇന്ത്യയുടെ ജയം.