സഞ്ജുവല്ല, ഇന്ത്യന്‍ ടീമിലെ പകരക്കാരില്‍ രണ്ട് മലയാളി താരങ്ങളെ വെളിപ്പെടുത്തി ചീഫ് സെലക്ടര്‍

ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പിന് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ നിയോഗിക്കാനൊരുങ്ങുകയാണ് ബിസിസിഐ. എംഎസ്‌കെ പ്രസാദ് അദ്ധ്യക്ഷനായ നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് പുതിയ കമ്മിറ്റിയ്ക്കായി ബിസിസിഐ അന്വേഷണം തുടങ്ങിയത്.

സ്ഥാനമൊഴിയുന്ന വേളയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ റിസര്‍വ് താരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസാദ്.

ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ലൈനപ്പില്‍ നാല് താരങ്ങളുടെ പേരാണ് പ്രസാദ് ചൂണ്ടിക്കാട്ടിയത്. കെ എല്‍ രാഹുല്‍, പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, പ്രിയങ്ക് പഞ്ചല്‍ എന്നിവരാണ് കോഹ്ലിയ്ക്കും രോഹിത്തിനുമെല്ലാം പകരക്കാരായി ടീം മാനേജുമെന്റ് പരിഗണിയ്ക്കുന്നത്. ഏതൊരു ദിനത്തിലും ഈ താരങ്ങളില്‍ ആര്‍ക്ക് വേണമെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള മികവുണ്ടെന്നാണ് പ്രസാദ് പറയുന്നത്.

ടീമിന്റെ ബോളിംഗ് റിസര്‍വ്വ് ടീം ആരൊക്കെയെന്നും പ്രസാദ് വെളിപ്പെടുത്തി. ആറ് താരങ്ങളെയാണ് ഇന്ത്യയുടെ ഫാസ്റ്റ് ബോളിംഗ് ബാക്കപ്പുകളായി പ്രസാദ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നീ മലയാളി താരങ്ങളും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ നവ്ദീപ്സൈനി, ആവേശ് ഖാന്‍, ഇഷാന്‍ പോറല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് പ്രസാദ് ചൂണ്ടിക്കാട്ടുന്ന മറ്റ് ബോളര്‍മാര്‍.

അതെസമയം വിക്കറ്റ് കീപ്പിംഗ് ബാക്കപ്പുകളെ കുറിച്ച് പ്രസാദ് പ്രതികരിച്ചില്ല. അതിനാലാണ് സഞ്ജുവിന്റെ പേര് പ്രസാദ് പറയാത്തതെന്ന ആശ്വാസത്തിലാണ് ക്രിക്കറ്റ് ലോകം.