ടീം ഇന്ത്യയില്‍ ഫിനിഷറായല്ല ധോണി തിരിച്ചു വരുക, പുതിയ റോള്‍ നിര്‍ദേശിച്ച് പ്രസാദ്

Advertisement

ധോണിയുടെ മടങ്ങിവരവിനെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ ശ്രദ്ധേയമായ നിര്‍ദേശവുമായി മുന്‍ വിക്കറ്റ് കീപ്പറും മുഖ്യ സെലക്ടറുമായിരുന്ന എംഎസ്‌കെ പ്രസാദ്. ഇത്രയും കാലമായി ധോണിക്കു നല്‍കിയ ഫിനിഷര്‍ റോളില്‍ നിന്നു മാറ്റി പുതിയ റോള്‍ ധോണിക്കു നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

38- കാരനായ ധോണിയുടെ റിഫ്ളക്സുകള്‍ക്കു ഇപ്പോള്‍ പഴയ വേഗമില്ല. അതുകൊണ്ടു തന്നെ ദേശീയ ടീമില്‍ തിരിച്ചെത്തിയാല്‍ അദ്ദേഹത്തെ എങ്ങനെ പരമാവധി ഉപയോഗിക്കാമെന്നാണ് ഇന്ത്യ ആലോചിക്കേണ്ടതെന്നു പ്രസാദ് വ്യക്തമാക്കി. ഫിനിഷറായല്ല, മറിച്ച് ഇനി ധോണിയെ ബാറ്റിംഗില്‍ മുന്‍നിരയിലേക്കു കളിപ്പിക്കുന്നതാവും ഉചിതം. താനായിരുന്നുവങ്കില്‍ മൂന്നോ, നാലോ പൊസിഷനില്‍ അദ്ദേഹത്തോടു ബാറ്റ് ചെയ്യാന്‍ നിര്‍ദേശിക്കും. എന്നാല്‍ ഇന്ത്യയുടെ ഇന്നിംഗ്സില്‍ വെറും 10 ഓവറുകള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കില്‍ ധോണിയെ ഫിനിഷറായി താന്‍ പരീക്ഷിക്കുമെന്നും പ്രസാദ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഐപിഎല്‍ സംശയത്തിന്റെ നിഴലിലായതോടെ ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് കൂടുതല്‍ കടുപ്പമായി മാറിയിട്ടുണ്ടെന്നു പ്രസാദ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിനു വേണ്ടി വീണ്ടും കളിക്കുകയെന്നത് ധോണിക്ക് ഇനി എളുപ്പമല്ല. ധോണി ഇപ്പോഴും മികച്ച ഫിറ്റ്നസ് നിലനിര്‍ത്തുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പ്രായമേറി വരുന്ന അദ്ദേഹത്തിന്റെ റിഫ്ളക്സുകള്‍ക്കു വേഗം കുറയും’ അദ്ദേഹം പറഞ്ഞു.

ധോണിയെ ദേശീയ ടീമിലെടുക്കണമോയെന്ന തീരുമാനം താന്‍ ടീം മാനേജ്മെന്റി്നു വിടുകയാണ്. മികച്ച ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം ടീം മാനേജ്മെന്റ് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യാല്‍ ധോണി വീണ്ടും ഇന്ത്യക്കായി കളിക്കുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം ഇന്ത്യക്കു വേണ്ടി മാത്രമല്ല, ഒരൊറ്റ ടീമിനു വേണ്ടിയും ധോണി കളിച്ചിട്ടില്ല. ലോക കപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹത്തെ അവസാനമായി കളിക്കളത്തില്‍ കണ്ടത്.