വെടിക്കെട്ട് വീരന്റെ ഇടിമുഴക്കം; മുംബൈ ഇന്ത്യന്‍സിന് ലഡ്ഡു പൊട്ടി!

ടി20 ക്രിക്കറ്റില്‍ 9000 റണ്‍സ് എന്ന തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ കീറന്‍ പൊള്ളാര്‍ഡ്. പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ പെഷവാര്‍ സാല്‍മിക്ക് വേണ്ടി കളിക്കുന്ന വെസ്റ്റന്‍ഡീസ് താരമായ പൊള്ളാര്‍ഡ് 458 മത്സരങ്ങളില്‍ നിന്നാണ് 9000 റണ്‍സ് മാര്‍ക്ക് മറികടന്നത്. ടി20 ഫോര്‍മാറ്റിലെ കൊടുങ്കാറ്റ് എന്നറിയപ്പെടുന്ന ക്രിസ് ഗെയിലും വെടിക്കെട്ട് തമ്പുരാനായ ബ്രണ്ടന്‍ മക്കല്ലവുമാണ് ഇതിന് മുമ്പ് ടി20 ഫോര്‍മാറ്റില്‍ 9000 റണ്‍സ് നേടിയ താരങ്ങള്‍.

2006 ല്‍ തന്റെ ആദ്യ ടി20 അരങ്ങേറ്റം നടത്തിയ താരം ഇന്ന് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. മുംബൈ ഇന്ത്യന്‍സ്, അഡലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, ബാര്‍ബഡോസ് ട്രിഡന്റ്‌സ്, കേപ്പ് കോബ്രാസ് തുടങ്ങി വിവിധ രാജ്യങ്ങളിലെ പല പ്രമുഖ ടി20 ടീമുകള്‍ക്ക് വേണ്ടി താരം പാഡണിഞ്ഞിട്ടുണ്ട്.

ഒരു സെഞ്ചുറിയും 45 അര്‍ധ സെഞ്ചുറികളുമടക്കം 9030 റണ്‍സാണ് പൊള്ളാര്‍ഡിന്റെ ടി20 സമ്പാദ്യം. അതേസമയം, പട്ടികയല്‍ ഒന്നാമതുള്ള ക്രിസ് ഗെയ്‌ലിന് 21 സെഞ്ചുറികളും 76 അര്‍ധ സെഞ്ചുറികളുമടക്കം 12318 റണ്‍സും രണ്ടാമതുള്ള മക്കുല്ലത്തിന് 9922 റണ്‍സുമാണ് പേരിലുള്ളത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തങ്ങളുടെ സൂപ്പര്‍ താരം പുതിയ നാഴികക്കല്ല് താണ്ടിയ ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍.