'എന്റെ ബോളിംഗ് കാണൂ, സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി എന്നെ എഴുതിത്തള്ളരുത്'; അഭ്യര്‍ത്ഥിച്ച് ശ്രീശാന്ത്

തന്റ ബോളിംഗ് പ്രകടനം കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി തന്നെ എഴുതിത്തള്ളരുതെന്ന് മലയാളി പേസര്‍ എസ്. ശ്രീശാന്ത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫില്‍ നിന്ന് പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെയാണ് ശ്രീശാന്തിന്റെ പ്രതികരണം.

‘കഴിഞ്ഞ മത്സരത്തില്‍ ന്യൂബോളില്‍ എന്റെ പ്രകടനമാണിത്. എന്റെ ബോളിങ് കാണാതെ സ്‌കോര്‍ കാര്‍ഡ് മാത്രം നോക്കി ദയവു ചെയ്ത് എന്നെ എഴുതിത്തള്ളരുത്. നിങ്ങള്‍ എല്ലാവരോടും എനിക്ക് അതിരറ്റ ബഹുമാനവും സ്‌നേഹവുമുണ്ട്. ക്രിക്കറ്റിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കാകും. ഞാന്‍ ഒരിക്കലും പാതിവഴിയില്‍ നിര്‍ത്തിപ്പോകില്ല’ ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരള രഞ്ജി ടീമില്‍ ഇടം പിടിച്ച ശ്രീശാന്ത് ആദ്യ മത്സരത്തില്‍ മേഘാലയയ്‌ക്കെതിരെ കളത്തിലിറങ്ങിയെങ്കിലും പിന്നാലെ പരുക്കേറ്റ് പുറത്താവുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 11.5 ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ സഹിതം 40 റണ്‍സ് വഴങ്ങി താരം രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒന്‍പത് ഓവറില്‍ 57 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടാന്‍ ശ്രീശാന്തിനായിരുന്നില്ല.

പരിശീലനത്തിനിടെയാണ് ശ്രീശാന്തിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും വിശ്രമം വേണമെന്നുമാണ് പുറത്തുവരുന്ന വിവരം. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തിന് മുമ്പ് നടന്ന പരിശീലന സെഷനിടെ പരിക്കേറ്റതായും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ശ്രീശാന്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ തന്നെ ഗുജറാത്തിനെതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ശ്രീശാന്ത് തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.