ഹൈദരാബാദ് മുന്നേറണം എങ്കിൽ അയാൾ നല്ല പ്രകടനം നടത്തിയേ മതിയാകൂ, സൂപ്പർ താരത്തെ കുറിച്ച് പിയുഷ് ചൗള

വ്യാഴാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ നിർണായക മത്സരത്തിനിറങ്ങുന്ന സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകൻ കെയ്ൻ വില്യംസണിന്റെ ബാറ്റിംഗ് ഫോമിനെക്കുറിച്ച് ആശങ്ക ഉന്നയിച്ചു ഐപിഎൽ മുൻ താരം പിയൂഷ് ചൗള രംഗത്ത് എത്തി. ഇനിയുള്ള മത്സരങ്ങളിലെ മുന്നേറ്റത്തിന് കെയ്ൻ നൽകേണ്ട സംഭാവന വലുതാണെന്നും അതിനാൽ താരം ഉത്തരവാദിത്വം കാണിക്കണമെന്നും ചൗള പറഞ്ഞു.

ഓപ്പണർ എന്ന നിലയിൽ ബാറ്റിനിങ്ങിന് ഇറങ്ങുന്ന സൂപ്പർ താരത്തിന് മികച്ച ഒന്നോ രണ്ടോ പ്രകടനം മാത്രമേ അവകാശപ്പെടാൻ ഉള്ളു. 24.37 ശരാശരിയിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് 195 റൺസ് മാത്രമാണ് ഇതുവരെ നായകൻ നേടാനായത്. 99.48 സ്‌ട്രൈക്ക് റേറ്റ് മാത്രമാണുള്ളത്, 57 ആണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ.

“നോക്കൂ, ഇത് ആശങ്ക ഉണ്ടാക്കുന്നു. നമ്മൾ കെയ്ൻ വില്യംസനെക്കുറിച്ച് പറയുകയാണെങ്കിൽ, മുഴുവൻ ബാറ്റിംഗ് യൂണിറ്റും ചുറ്റിത്തിരിയുന്ന ഒരു കളിക്കാരനാണ് അദ്ദേഹം. എന്നിരുന്നാലും, അത് ഇതുവരെ സംഭവിച്ചിട്ടില്ല. അതിനാൽ, വലിയ സ്‌കോറുകൾ പിന്തുടരുമ്പോൾ, ഹൈദരാബാദ് പ്രശ്‌നം നേരിടുന്നു. പ്ലേ ഓഫ് സാധ്യതകൾ ലക്ഷ്യമിടുന്ന ടീമിനായി വില്യംസൺ തകർത്ത് കളിക്കേണ്ടതായി ഉണ്ട്.”

“തുടക്കത്തിൽ സൺനൈസേഴ്‌സ് പരാജയപ്പെട്ടപ്പോൾ ഈ കാര്യം എല്ലാവരും പറഞ്ഞതാണ് , പക്ഷേ അവർ വിജയിക്കാൻ തുടങ്ങിയപ്പോൾ ചർച്ച നിലച്ചു. വില്യംസൺ പൊസിഷൻ ഇറങ്ങി കളിക്കണം എന്ന് അഭിപ്രായമില്ല. ഇത് ടീമിന്റെ താളം തെറ്റിക്കും ചിലപ്പോൾ.”

31-കാരൻ വില്യംസൺ 2018 എഡിഷനിൽ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ട് , എട്ട് അർധസെഞ്ചുറികളോടെ 52.50 ശരാശരിയിൽ 735 റൺസ് നേടിയിരുന്നു . ഈ സീസണിൽ മെല്ലെപ്പോക്കാണ് പലപ്പോഴും വലിയ സ്കോർ നേടുന്നതിൽ നിന്ന് ഹൈദെരാബാദിനെ തടയുന്നത്.