ഇന്ത്യന്‍ പേസര്‍ ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി കുറ്റപത്രം; ലോക കപ്പ് മോഹത്തിന് കരിനിഴല്‍

ഇന്ത്യയുടെ ലോക കപ്പ് ടീമില്‍ സ്ഥാനം ഉറപ്പുള്ള താരങ്ങളിലൊരാളായ മുഹമ്മദ് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചാര്‍ത്തി പൊലീസ് കുറ്റപത്രം. സ്ത്രീധന പീഡനം(സെക്ഷന്‍ 498എ) ലൈംഗീകാതിക്രമം(354എ) എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കൊല്‍ക്കത്ത പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതികളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഷമിക്കെതിരെ വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു ഹസിന്‍ ജഹാന്‍ ആദ്യം രംഗത്തെത്തുന്നത്. യുവതികളുമായുള്ള ഷമിയുടെ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യപ്പെടുത്തിയ ഹസിന്‍, താന്‍ ലൈംഗീകാതിക്രമത്തിന് ഇരയാവുകയാണ് എന്ന് പിന്നീട് ആരോപിച്ചു.

ഷമി ഒത്തുകളിയുടെ ഭാഗമായെന്നും ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് 2018ല്‍ ഷമിയുടെ കരാര്‍ പുതുക്കുന്നത് മരവിപ്പിച്ച ബിസിസിഐ ഷമിക്കെതിരെ അന്വേഷണവും നടത്തി. എന്നാല്‍ അന്വേഷണത്തില്‍ ഷമി കുറ്റക്കാരനല്ലെന്ന് വ്യക്തമായിരുന്നു.

10 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരം ഷമിക്കും കുടംബത്തിനുമെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളില്‍ 15 ദിവസത്തിനുള്ളില്‍ ഹാജരാകാനും അന്ന് കോടതി ഷമിയോട് നിര്‍ദേശിച്ചിരുന്നു. ഷമിക്കു പുറമെ അമ്മ, സഹോദരി, സഹോദരന്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യനടത്തില്‍ മികച്ച പ്രകടനത്തോടെ ഏകദിന മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടവും ഷമി സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഓസ്‌ട്രേലിയയുടെ ഇക്കഴിഞ്ഞ ഇന്ത്യന്‍ പര്യടനത്തിലും ഷമി ടീമിലുണ്ടായിരുന്നു.

അതേസമയം, താരത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കും പൊലീസിന്റെ നീക്കം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍. മെയ് അവസാനത്തോടെ ഇംഗ്ലണ്ടിലാണ് ഇക്കുറി ലോകകപ്പ് നടക്കുക. ലോകകപ്പില്‍ ഷമി ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക താരമാകുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് താരത്തിനും രാജ്യത്തിനും തിരിച്ചടിയായി കൊല്‍ക്കത്ത പൊലീസ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.