കാര്‍ത്തിക്കിനെ പോലുള്ളവരെ പാകിസ്ഥാനില്‍ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും കളിപ്പിക്കില്ല; തുറന്നടിച്ച് സല്‍മാന്‍ ബട്ട്

സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനു ദേശീയ ടീമില്‍ വീണ്ടും അവസരം നല്‍കിയ ബിസിസിഐയെ അഭിനന്ദിച്ച് പാകിസ്താന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. കാര്‍ത്തിക് ഇന്ത്യയില്‍ ജയിച്ചത് നന്നായെന്നും പാകിസ്ഥാനില്‍ ആയിരുന്നെങ്കില്‍ ഇങ്ങനൊരു അവസരം ലഭിക്കില്ലായിരുന്നെന്നും ബട്ട് പറഞ്ഞു.

‘ഭാഗ്യവശാല്‍ ദിനേശ് കാര്‍ത്തിക് ജനിച്ചത് ഇന്ത്യയിലാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വയസ്സില്‍ ഒരു ക്രിക്കറ്റര്‍ക്കു പാകിസ്ഥാനില്‍ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും കളിക്കാന്‍ സാധിക്കില്ല. ഭാവിയിലേക്കു വളരെ മികച്ച രീതിയിലാണ് ഇന്ത്യന്‍ ടീം തയ്യാറെടുപ്പ് നടത്തുന്നത്. വലിയ വേദികളില്‍ യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.’

‘അദ്ഭുതപ്പെടുത്തുന്ന ഒരു ടീമിനെയാണ് ഇന്ത്യ പടുത്തുയര്‍ത്തിയിരിക്കുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ മികച്ച ഫാസ്റ്റ് ബോളര്‍മാരുടെ അഭാവമുണ്ട്. ഷഹീന്‍ അഫ്രീഡിക്കു പേസ് ബോളിംഗില്‍ പിന്തുണ നല്‍കാന്‍ മികച്ച ബൗളര്‍മാരില്ല.’

‘എങ്കിലും പാകിസ്ഥാന്‍ യുവ ഫാസ്റ്റ് ബോളര്‍മാരാല്‍ അനുഗ്രഹീതമാണ്. പക്ഷെ പേസ് എന്നത് കുറച്ചു വ്യത്യസ്തമാണ്. ന്യൂബോളില്‍ കഴിവ് ലഭിക്കണമെങ്കില്‍ നിങ്ങള്‍ ന്യൂബോള്‍ കൊണ്ട് ബൗള്‍ ചെയ്യേണ്ടതും പ്രധാനമാണ്’ സല്‍മാന്‍ ബട്ട് പറഞ്ഞു.