ആമിറിന്റേ തിരിച്ചുവരവ് രോഹിത്തിന് തിരിച്ചടിയാകുമോ? വീണ്ടും 'ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം'

ഇംഗ്ലണ്ടില്‍ ഏകദിന ലോക കപ്പ് തുടങ്ങാനിരിക്കെ ഇന്ത്യ-പാക് ആരാധകര്‍ക്കിടയില്‍ ക്രിക്കറ്റ് യുദ്ധം. പാക് ടീമില്‍ മുഹമ്മദ് ആമിറും വഹാബ് റിയാസും ഇടംപിടിച്ചതാണ് പുതിയ യുദ്ധമുഖം തുറക്കാന്‍ ആരാധകരെ പ്രേരിപ്പിച്ചത്. ആമിറിന്റെ തിരിച്ചുവരവ് ഏറെ പേടിയ്ക്കുക രോഹിത്ത് ശര്‍മ്മയെയായിരിക്കുമെന്നാണ് പാക് ആരാധകരുടെ പക്ഷം. ഏഷ്യ കപ്പിയും ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത്ത് ആമിറിന് മുന്നില്‍ പതറിയതാണ് പാക് ആരാധകര്‍ ട്രോളായി ഉപയോഗിക്കുന്നത്.

എന്നാല്‍ ആമിറിന് ചരിത്രത്തില്‍ ഇന്നേവരെ ലഭിക്കാത്ത തിരിച്ചടിയാണ് ഇന്ത്യയെ നേരിടുമ്പോള്‍ ലഭിക്കുകയെന്ന് ഇന്ത്യന്‍ ആരാധകരും തിരിച്ചടിയ്ക്കുന്നു. ഇരുവരും തമ്മിലുളള വെെരം നേരത്തെ തന്നെ പ്രശസ്തമാണ്. ആമിര്‍ സാധാരണ ബൗളര്‍ മാത്രമാണെന്ന രോഹിത്തിന്റെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

അടുത്ത മാസം 16ാം തിയതിയാണ് ലോക കപ്പിലെ ഇന്ത്യ-പാക് പോരാട്ടം. ഇരുരാജ്യങ്ങളും സംഘര്‍ഷങ്ങളുടെ വക്കിലായതിനാല്‍ ഈ പോരാട്ടത്തിന് ഏറെ പ്രധാന്യമാണ് ക്രിക്കറ്റ് ലോകം കല്‍പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പാക് ലോക കപ്പ് ടീമില്‍ മുഹമ്മദ് ആമിറും വഹാബ് റിയാസും ഇടം പിടിച്ചത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന പതിനഞ്ചംഗ ടീമില്‍ ഇടം പിടിക്കാന്‍ കഴിയാതിരുന്ന ഇരുവരേയും ഇംഗ്ലീഷ് പര്യടനത്തിലെ പാക് ബൗളര്‍മാരുടെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് തിരിച്ച് വിളിച്ചത്. പാക് ബാറ്റ്‌സ്മാന്‍ ആസിഫ് അലിയും ടീമില്‍ ഇടം പിടിച്ചു.

കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്ന പതിനഞ്ചംഗ പാക് ടീമില്‍ നിന്ന് ആബിദ് അലി, ഫഹീം അഷ് റഫ്, ജുനൈദ് ഖാന്‍ എന്നിവര്‍ പുറത്തായി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് ഫഹീം അഷ്‌റഫിനും, ജുനൈദ് ഖാനും ടീമിന് പുറത്തേക്ക് വാതില്‍ തുറന്നത്. ആബിദ് അലിയ്ക്കാകട്ടെ ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. എന്നാല്‍ ടൂര്‍ണമെന്റിലുടനീളം ഫഖര്‍ സമാനും, ഇമാംഉള്‍ ഹഖും നടത്തിയ മിന്നും ബാറ്റിംഗ് പ്രകടനം ആബിദ് അലിക്കും ടീമിന് പുറത്തേക്ക് വഴി തെളിക്കുകയായിരുന്നു.