ഇന്ത്യന്‍ ക്രിക്കറ്റിനെ സ്വന്തമാക്കി പേടിഎം, വില കേട്ടാല്‍ ഞെട്ടും!!

ബിസിസിഐ മത്സരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കി വീണ്ടും പേടിഎം. അടുത്ത അഞ്ചുവര്‍ഷത്തേയ്ക്കാണ് പേടിഎം ഈ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന രാജ്യാന്തര, ആഭ്യന്തര മത്സരങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പാണ് പേടിഎമ്മിന് ബിസിസിഐ നല്‍കിയിരിക്കുന്നത്.

ഓരോ മത്സരത്തിനും 3.80 കോടി രൂപ എന്ന നിരക്കിലാണ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (പേടിഎമ്മിന്റെ ഉടമസ്ഥര്‍) സ്പോണ്‍സര്‍ഷിപ്പ് അവകാശം നേടിയിരിക്കുന്നത്. കരാര്‍ പ്രകാരം അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ 326.80 കോടി രൂപ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് പേടിഎം നല്‍കും.

2015 -ലാണ് ബിസിസിഐ മത്സരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് അവകാശം പേടിഎം നേടുന്നത്. അന്ന് നാലു വര്‍ഷത്തേക്കായിരുന്നു കരാര്‍. ഓരോ മത്സരത്തിനും 2.4 കോടി രൂപയായിരുന്നു സ്പോണ്‍സര്‍ഷിപ്പ് നിരക്ക്. ഇതാണ് 3.80 കോടി രൂപയായി മാറിയിരിക്കുന്നത്. അതായത് 58 ശതമാനം വര്‍ദ്ധനയാണ്  ഉണ്ടായിരിക്കുന്നത്.

ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വീണ്ടും പങ്കാളികളാകാന്‍ അവസരം ലഭിച്ചതില്‍ പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ്മ സന്തോഷം അറിയിച്ചു.