ഒടുവില്‍ ആ 'തീതുപ്പിയ' വിന്‍ഡീസ് പേസറെ കണ്ടെത്തി, ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന കഥ

പാട്രിക്ക് പാറ്റേഴ്‌സണെ ഓര്‍മ്മയില്ലേ?. എണ്‍പതുകളുടെ പകുതിയിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ക്രിക്കറ്റ് ശ്രദ്ധിച്ചവര്‍ക്ക് മറക്കാന്‍ പറ്റാത്ത പേരുകളിലൊന്നാണിത്. കരീബിയകന്‍ പേസ് ബൗളിംഗ് ശൗര്യത്തിന്റെ മൂര്‍ത്ത രൂപമായി ക്രിക്കറ്റ് ലോകം വിലയിരുത്തിയ പാറ്റേഴ്‌സണ്‍, മാല്‍കം മാര്‍ഷലും കര്‍ട് ലി  അംബ്രോസിനെല്ലാം ഒപ്പം പേസ് ബൗളിംഗ് സിംഹാസനം വാണ കരീബിയന്‍ കരുത്തനായിരുന്നു.

ക്രിക്കറ്റ് ലോകത്തിന് വിന്‍ഡീസ് സമ്മാനിച്ച ഏറ്റവും പ്രതിഭാസമ്പന്നനായ പേസ് ബൗളര്‍മാരില്‍ ഒരാളായിരുന്നു പാറ്റേഴ്‌സണ്‍. വേഗം കൊണ്ടും ബൗളിംഗ് ആക്ഷന്‍ കൊണ്ടുമെല്ലാം ക്രിക്കറ്റ് ലോകത്തിന്റെ മനസ് കീഴടക്കിയ ആ താരം പെട്ടെന്ന് ക്രിക്കറ്റ് ലോകത്ത് നിന്നും അപ്രത്യക്ഷനായി. ഒന്നും രണ്ടും വര്‍ഷമല്ല. 25 വര്‍ഷമായി പാറ്റേഴ്‌സണ്‍ എവിടെയാണെന്നതിനെ കുറിച്ച് ആര്‍ക്കും അറിയാന്‍ പാടില്ലായിരുന്നു.

ഒടുവില്‍ പാറ്റേഴ്‌സണെ നീണ്ട തിരച്ചിലിന് ഒടുവില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധ്യമ പ്രവര്‍ത്തകനായ ഭരത് സുന്ദരേശന്‍ കണ്ടെത്തി. 2011-ല്‍ ആരംഭിച്ച ശ്രമം 2017-ലാണ് അദ്ദേഹത്തിന് വിജയിക്കാനായത്. കരീബിയന്‍ തെരുവുകളിലൂടെ മനോരോഗിയായി അലഞ്ഞ പാറ്റേഴ്‌സണെ ഒരു മനോരോഗ കേന്ദ്രത്തില്‍ നിന്നാണ് സുന്ദരേശന്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്. അപ്പോഴേക്കും തന്റെ ബൗളിംഗിനെ കുറിച്ചോ പഴയ കളികളെ കുറിച്ചോ എല്ലാം അദ്ദേഹം മറന്നിരുന്നു.

28 ടെസ്റ്റും 59 ഏകദിനവും വെസ്റ്റിന്‍ഡീസിനായി കളിച്ചിട്ടുളള പാറ്റേഴ്‌സണ്‍ ടെസ്റ്റില്‍ 30.90 ശരാശരിയില്‍ 93 വിക്കറ്റും ഏകദിനത്തില്‍ 24.51 ശരാശരിയില്‍ 90 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 161 മത്സരങ്ങളില്‍ നിന്ന് 493 വിക്കറ്റാണ് അദ്ദേഹത്തിന്റെ പേരിലുളളത്. 1992-93 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് അച്ചടക്കകാരണങ്ങളാല്‍ ഒഴിവാക്കിയ ശേഷം പാറ്റേഴ്സണ് വിന്‍ഡീസ് ടീമില്‍ തിരിച്ചെത്താനായിരുന്നില്ല.

പാട്രിക്ക് പാറ്റേഴ്‌സണെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ എസ്എ അജിംസ് എഴുതിയ കുറിപ്പ് വായിക്കാം.

പാട്രിക് പാറ്റേഴ്‌സണ്‍

ക്രിക്കറ്റ് കളി ടെലിവിഷനില്‍ കാണാന്‍ തുടങ്ങിയ കാലത്തെ ഹീറോയായിരുന്നു കക്ഷി. വെസ്റ്റ് ഇന്‍ഡീസിന്റെ സുവര്‍ണകാലത്ത് മാല്‍കം മാര്‍ഷല്‍, കര്‍ട്‌ലി അംബ്രോസ് എന്നിവരോടൊപ്പം അവരുടെ ബൗളിങ് കുന്തമുന. ബൗളിങ് വേഗതയൊന്നും അന്ന് അളക്കാറില്ലാതിരുന്ന കാലത്ത് ബാറ്റ്‌സ്മാന്മാര്‍ നേരിടാന്‍ ഭയക്കുന്ന വേഗത. വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജെഫ് ഡുജോണ്‍ പറയുന്നത് പാറ്റേഴ്‌സണ്‍ എറിയുമ്പോള്‍ കീപ്പ് ചെയ്യാനായിരുന്നു ഏറ്റവും ഭയമെന്നായിരുന്നു. ആന്‍ഡ്രൂ ഹഡ്‌സന്റെ ബാറ്റ് പാറ്റേഴ്‌സന്റെ ബോള്‍ കൊണ്ട് കയ്യില്‍ നിന്ന് തെറിച്ചു പോയിട്ടുണ്ട്. വേഗത മാത്രമല്ല, ഒരേ ലൈനിലും ലെങ്തിലും പന്തെറിഞ്ഞു കൊണ്ടേയിരിക്കുന്ന ബൗളിങ് യന്ത്രം. ബാറ്റ്‌സ്മന്റെ മുഖത്തേക്കെന്ന പോലെ ഒരു കാലുയര്‍ത്തിയുള്ള ബൗളിങ് ആക്ഷന്‍. മനോഹരമായ റണ്ണപ്പ്.

1992-93 ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് അച്ചടക്കകാരണങ്ങളാല്‍ ഒഴിവാക്കിയ ശേഷം പാറ്റേഴ്‌സണെ വെസ്റ്റ് ഇന്‍ഡീസില്‍ ആരും കണ്ടില്ല. മനോരോഗിയായി തെരുവില്‍ അലഞ്ഞു നടന്നു. ആരോ മനോരോഗ ആശുപത്രിയിലാക്കി. 2011-ല്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഭരത് സുന്ദരേശന്‍ പാറ്റേഴ്‌സണെ കണ്ടെത്താന്‍ വേണ്ടിയുള്ള ശ്രമം ആരംഭിച്ചു. 2017- ല്‍ ആളെ കണ്ടെത്തി. തന്റെ ബൗളിംഗിനെ കുറിച്ചോ പഴയ കളികളെ കുറിച്ചോ ഒന്നും ഓര്‍മ്മയില്ലാത്ത അമ്പത്തഞ്ചുകാരനെയാണ് ഭരത് കണ്ടെത്തിയത്.

കോടീശ്വരന്മാരായ ക്രിക്കറ്റ് താരങ്ങളുടെ ഇടയില്‍ ഓര്‍മ്മ പോലുമില്ലാതെ പാറ്റേഴ്‌സണ്‍ ഇപ്പോഴും.