സ്വന്തം രാജ്യം കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എന്തും; കമ്മിന്‍സിന്റെ പിന്മാറ്റത്തിലും പരിഹാസം രോഹിത്തിനും സംഘത്തിനും

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അടുത്ത ഐപിഎല്‍ സീസണ്‍ കളിക്കില്ല. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഓസ്‌ട്രേലിയന്‍ ടീമിന്റെ കടുപ്പമേറിയ ഷെഡ്യൂള്‍ പരിഗണിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ കമ്മിന്‍സിന്റെ പിന്മാറ്റം.

അടുത്ത വര്‍ഷത്തെ ഐപിഎല്‍ കളിക്കേണ്ടതില്ല എന്ന പ്രയാസമേറിയ തീരുമാനത്തിലേക്ക് ഞാന്‍ എത്തി. അടുത്ത 12 മാസം കടുപ്പമേറിയ ടെസ്റ്റ്, ഏകദിന ഷെഡ്യൂളുകളാണ് കാത്തിരിക്കുന്നത്. അതിനാല്‍ ആഷസിനും ലോകകപ്പിനും മുന്‍പായി വിശ്രമം വേണ്ടതുണ്ട്.

സാഹചര്യം മനസിലാക്കാന്‍ തയ്യാറായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഞാന്‍ നന്ദി പറയുന്നു. അതിഗംഭീരമായ ടീമും സപ്പോര്‍ട്ട് സ്റ്റാഫുമാണ് കൊല്‍ക്കത്തയുടേത്. എത്രയും പെട്ടെന്ന് അവിടേക്ക് തിരികെ എത്താന്‍ സാധിക്കും എന്ന് കരുതുന്നെന്നും കമ്മിന്‍സ് വ്യക്തമാക്കി.

കമ്മിന്‍സിന്റെ പിന്മാറ്റം ഇന്ത്യന്‍ ആരാധകര്‍ കൈയടിയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം രാജ്യത്തിനോടും ടീമിനോടുമുള്ള താരത്തിന്റെ കരുതല്‍ പ്രശംസനീയമാണെന്നും ഇത് ഇന്ത്യന്‍ ടീമും ബിസിസിഐയും കണ്ടു പഠിക്കണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ഇന്ത്യയുടെ ടി20 ലോകകപ്പ് പരാജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് രംഗം പ്രഷുപ്തമാണ്. ഐപിഎല്ലിന് അധിക പ്രാധാന്യം നല്‍കിയുള്ള ബിസിസിഐയുടെ ക്രമീകരണങ്ങളാണ് ഇന്ത്യന്‍ ടീമിനെ തളര്‍ത്തുന്നതെന്നതാണ് പൊതുവേയുള്ള വിമര്‍ശനം.