വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസിനെ നയിക്കാന്‍ ഒരു ഫാസ്റ്റ് ബോളര്‍, പ്രഖ്യാപനമായി

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച് നാണംകെട്ട ടിം പെയ്ന്റെ പിന്‍ഗാമിയായി ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം നായകപദം സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സിലേക്ക്. ഉപനായകനായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഓസീസ് ടെസ്റ്റ് ടീമിന്‍റെ 47ാമത് നായകനായാണ് കമ്മിന്‍സ്.

നായക സ്ഥാനത്തേക്കായി ഇരുവരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. സെലക്ടര്‍മാരായ ജോര്‍ജ് ബെയ്ലി, ടോണി ഡോഡ്മെയ്ഡ്, ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്ലേ എന്നിവര്‍ അംഗങ്ങളായുള്ള കമ്മറ്റിയാണ് കമ്മിന്‍സിനേയും സ്മിത്തിനേയും ഇന്റര്‍വ്യൂ ചെയ്തത്.

ആഷസ് പരമ്പരയില്‍ കമ്മിന്‍സ് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഫാസ്റ്റ് ബോളര്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി എത്തുന്നത്. 2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗണ്‍ ടെസ്റ്റില്‍ പന്തു ചുരണ്ടലിലൂടെ അവഹേളിതനായി നായകസ്ഥാനം തെറിച്ച് ടീമില്‍ നിന്നടക്കം പുറത്തുപോയ താരമാണ് സ്മിത്ത്.

Tim Paine quits as Australia captain after sending explicit messages to female co-worker

2017ല്‍ സഹപ്രവര്‍ത്തകയ്ക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ ഈ അടുത്ത് പുറത്തായതോടെയാണ് പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ആഷസ് അടുത്തിരിക്കെ അതിന് ശേഷമേ പെയ്‌നിനെതിരേ നടപടിയുണ്ടാവു എന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കവേ താരം തന്നെ നായക സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്. ആഷസ് ടെസ്റ്റ് ഡിസംബര്‍ എട്ടിന് ആരംഭിക്കും.