സഞ്ജു ഏകദിന ടീമിലേക്ക്?, കാത്തിരുന്ന വാര്‍ത്ത വരുന്നു

മുംബൈ: മലയാളി താരം സഞ്ജു വി സാംസണെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന് സൂചന. ഇന്ത്യ കനത്ത തോല്‍വി വഴങ്ങിയ ആദ്യ ഏകദിനത്തിനിടെ റിഷഭ പന്തിന് പരിക്കേറ്റതാണ് സഞ്ജുവിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ പന്തിന്റെ തലയില്‍ പന്ത് കൊള്ളുകയായിരുന്നു.

നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ ടി20 ടീമിലുണ്ടായിരുന്ന സഞ്ജുവിന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

നിലവില്‍ റിഷഭ് പന്ത് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. പന്തിനായി സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട് എന്ന് ബിസിസിഐ അറിയിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. പന്തിന് തുടര്‍ന്നുളള മത്സരങ്ങളില്‍ കളിക്കാനാകില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധി എഴുതുന്നതെങ്കിലാണ് സഞ്ജുവിന് വീണ്ടും ടീം ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ അവസരം ഒരുങ്ങുക.

മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 44-ാം ഓവറിലാണ് പന്തിന് പരിക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ബോള്‍ ബാറ്റില്‍ കൊണ്ടശേഷം ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു. ഈ പന്തില്‍ ആഷ്ടണ്‍ ടര്‍ണര്‍ പിടിച്ച് പന്ത് പുറത്താവുകയും ചെയ്തു. 33 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും അടക്കം 28 റണ്‍സാണ് റിഷഭ് നേടിയത്.

പന്തിന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി മനീഷ് പാണ്ഡെയെ ഇന്ത്യ ഇറക്കിയിരുന്നു. പന്തിന് പകരം വാംഖഡെയില്‍ കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞത്.

മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് തോറ്റിരുന്നു. ഇതോടെ മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ഓസീസിന് കഴിഞ്ഞു. 256 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 12.2 ഓവര്‍ ശേഷിക്കെ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ വിജയം കാണുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഉയര്‍ത്തിയ റണ്‍മല മറികടയ്ക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ല.

ഇനി രാജ്കോട്ടില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യക്ക് ആശ്വാസം നല്‍കില്ല. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ അപ്രമാദിത്യത്തിന് ഏറ്റ തിരിച്ചടി കൂടിയാണ് ഈ കനത്ത തോല്‍വി.