പ്രതികൂല സാഹചര്യങ്ങളെ അംഗീകരിക്കാന്‍ പഠിക്കൂ, സൂപ്പര്‍ താരത്തോട് രഹാനെ

വെല്ലിംഗ്ടണ്‍: ഇന്ത്യന്‍ ടീമിലുണ്ടെങ്കിലും പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടാനാകാതെ മോശം സമയത്തിലൂടെ കടന്നുപോകുന്ന താരമാണ് റിഷഭ് പന്ത്. ഏതാനും മാസം മുമ്പ് വരെ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്ന പന്തിന് ഞൊടിയിടയിലാണ് ടീമിലെ സ്ഥാനം നഷ്ടമായത്.

എന്നാല്‍ പരാജയങ്ങളില്‍ തളരാതെ മികച്ചൊരു ക്രിക്കറ്റ് താരമായി വളരാനാണ് പന്ത് ശ്രമിക്കേണ്ടതെന്ന് ഉപദേശിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ അജിന്‍ക്യ രഹാനെ.

“കടന്നുപോകുന്ന സാഹചര്യങ്ങളെ അതേപടി അംഗീകരിക്കുക. ഈ സാഹചര്യത്തിലും പോസിറ്റീവായി തുടരുകയെന്നത് പ്രധാനമാണ്. സഹതാരങ്ങളില്‍ നിന്ന്, അവര്‍ ആരായാലും നല്ല കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ സീനിയറെന്നോ ജൂനിയറെന്നോ വ്യത്യാസമില്ല” രഹാനെ ചൂണ്ടിക്കാട്ടി.

“ആരും ടീമിനു പുറത്തിരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പക്ഷേ ഓരോ മത്സരത്തിലും ടീമിന് ആവശ്യമായതെന്തോ, അത് നാം അംഗീകരിച്ചേ മതിയാകൂ. പ്രതികൂല സാഹചര്യങ്ങളെ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള മനസ്സാണ് ഇത്തരം ഘട്ടങ്ങളില്‍ പ്രധാനം. നമുക്കു സാദ്ധ്യമാകുന്ന കാര്യങ്ങളിലെല്ലാം നിയന്ത്രണം പുലര്‍ത്തുക. ക്രിക്കറ്ററെന്ന നിലയില്‍ വളരാനായി കഠിനാദ്ധ്വാനം ചെയ്യുക” രഹാനെ പറഞ്ഞു.

“കളിക്കാരെന്ന നിലയില്‍ മികവു വീണ്ടെടുക്കാന്‍ കഠിനാദ്ധ്വാനം ചെയ്യുക. ടീമിലേക്കു തിരികെയെത്തുന്ന സ്വപ്നം കൈവിടാതിരിക്കുക. ആറാം നമ്പറിലോ ഏഴാം നമ്പറിലോ ആണ് പന്ത് ബാറ്റ് ചെയ്യുന്നത്. അപ്പോള്‍ ആ സ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കുക. അതിനായി കഠിനാദ്ധ്വാനം ചെയ്യുക. അത്രേയുള്ളൂ” രഹാനെ ചൂണ്ടിക്കാട്ടി.

കരിയറില്‍ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുവന്ന താരമാണ് രഹാനെയും. ടീമിന്റെ ഉപനായകനായിരിക്കുമ്പോഴാണ് 2018-ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രഹാനെ ടീമില്‍നിന്ന് തഴയപ്പെട്ടത്. പിന്നീട് കഠിനാദ്ധ്വാനത്തിലൂടെ രഹാനെ ടീമിലേക്കു തിരിച്ചെത്തുകയായിരുന്നു.