അനിയന്‍ ദക്ഷിണാഫ്രിക്കയില്‍ മിന്നി; ചേട്ടന്‍ ഇന്ത്യയിലും

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ സമവാക്യങ്ങളെഴുതി പാണ്ഡ്യ സഹോദരന്‍മാര്‍. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്ന പ്രകടവുമായി പാണ്ഡ്യ സഹോദരന്‍മാരിലെ അനിയന്‍ ഹാര്‍ദിക്ക് പാണ്ഡ്യ മിന്നിയപ്പോള്‍ ഇന്ത്യയില്‍ ജ്യേഷ്ഠന്‍ ക്രുനാല്‍ പാണ്ഡ്യയുടെ ഊഴമായിരുന്നു. സെയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലാണ് ക്രുനാല്‍ പാണ്ഡ്യ മിന്നിയത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ നിര്‍ണായക താരമാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഹാര്‍ദിക് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് പരാജയമേറ്റപ്പോള്‍ 95 ബോളില്‍ നിന്ന് 93 റണ്‍സെടുത്ത് ടീമിനെ ഹാര്‍ദിക് കരയറ്റുകയായിരുന്നു.

അതേസമയം, മുംബൈക്കെതിരേ ബറോഡയ്ക്ക് വേണ്ടി 26 ബോളില്‍ നിന്ന് 44 റണ്‍സാണ് ക്രുനാല്‍ പാണ്ഡ്യ നേടിയത്. മത്സരത്തില്‍ 13 റണ്‍സിന് ബറോഡ ജയിച്ചു. ആദ്യം ബാറ്റ്‌ചെയ്ത ബറോഡ 210 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ 197 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

ഓപ്പണര്‍മാരായ ഉര്‍വില്‍ പട്ടേല്‍ (50), ദീപക് ഹൂഡ (66) എന്നിവരാണ് ബറോഡയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. അതേസമയം, മുംബൈ നിരയില്‍ സിദേഷ് ലാഡ് 51 ബോളില്‍ 82 റണ്‍സെടുത്ത് ആഞ്ഞടിച്ചെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.


ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് പാണ്ഡ്യ സഹോദരന്‍മാര്‍. ഈ സീസണില്‍ ഇരുവരെയും നിലനിര്‍ത്തുമെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.