ട്വിറ്റര്‍ പോളില്‍ കോഹ്‌ലിയെ മറികടന്ന് ഇമ്രാന്‍ ഖാന്‍; ബ്രേക്കിംഗ് ന്യൂസാക്കി ആഘോഷിച്ച് പാകിസ്ഥാന്‍

Advertisement

ഐ.സി.സി ട്വിറ്റര്‍ പോളില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ഇമ്രാന്‍ ഖാന്‍ വിജയിച്ചത് ആഘോഷമാക്കി പാകിസ്ഥാന്‍. ക്യാപ്റ്റനായി നിന്ന് ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും മികവ് കാണിച്ചതില്‍ ഒന്നാമന്‍ ആര് എന്ന ഐ.സി.സിയുടെ ട്വിറ്റര്‍ പോളിലാണ് ഇമ്രാന്‍ ഖാന്‍ കോഹ്‌ലിയെ കടത്തി വെട്ടിയത്.

ഇമ്രാന്റെ വിജയം ബ്രേക്കിംഗ് ന്യൂസാക്കി ഒരു പാക് ചാനല്‍ ആഘോഷിച്ചത് ട്രോളുകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. നിരവധി പേരാണ് ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്.

നാല് പേരുകളായിരുന്നു പോളില്‍ ഐ.സി.സി ഓപ്ഷനായി ഉള്‍പ്പെടുത്തിയത്. വിരാട് കോഹ്‌ലി, എബി ഡിവില്ലേഴ്സ്, മെഗ് ലാനിംഗ്, ഇമ്രാന്‍ ഖാന്‍. പോളില്‍ 47.3 ശതമാനം വോട്ടാണ് ഇമ്രാന്‍ ഖാന്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കാകട്ടെ 46.2 ശതമാനം വോട്ടും.

1992 ലോക കപ്പ് പാകിസ്ഥാന് നേടിക്കൊടുത്താണ് ഇമ്രാന്‍ ഖാന്‍ പാക് ജനതയുടെ സൂപ്പര്‍ ഹീറോ ആയത്. നിലവില്‍ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍, 88 ടെസ്റ്റുകളും 175 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.