ആ ഇന്ത്യന്‍ താരത്തിന് എന്റെ നേരെ നോക്കാന്‍ പോലും കഴിയുമായിരുന്നില്ല: മുഹമ്മദ് ഇര്‍ഫാന്‍

മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ പരിഹസിച്ച് മുന്‍ പാക് താരം മുഹമ്മദ് ഇര്‍ഫാന്‍. ഗംഭീറിന് തന്നെ നോക്കാന്‍ ഇഷ്ടമല്ലായിരുന്നെന്നും തന്റെ മുഖത്തു നോക്കുന്നത് ഒഴിവാക്കാന്‍ ഗംഭീര്‍ മന:പൂര്‍വം ശ്രമിച്ചതായും ഇര്‍ഫാന്‍ പറയുന്നു. തനിക്കെതിരെ കളിക്കാന്‍ ഗംഭീറിന് കഴിഞ്ഞിരുന്നില്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ തന്റെ പന്തുകള്‍ നേരിടുന്നതില്‍ മികവു കാട്ടിയിരുന്നില്ലെന്ന് ഇര്‍ഫാന്‍ പറഞ്ഞു. 2012-ലെ പരമ്പരയില്‍ ചിലര്‍ തന്നോട് ഇതേക്കുറിച്ച് പറയുകയും ചെയ്തു. തന്റെ ഉയരക്കൂടുതല്‍ കാരണം പന്ത് ശരിയായി കാണുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ താരം ഗംഭീറിന്റെ കരിയര്‍ അവസാനിച്ചതും ഇതേ പരമ്പരയിലായിരുന്നെന്ന് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

ആ വര്‍ഷം അഹമ്മദാബാദില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് ടി20യില്‍ ഗംഭീര്‍ ഒടുവിലായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. പാകിസ്ഥാനെതിരായ സീരീസിനു ശേഷം ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന പരമ്പര മാത്രമേ ഗംഭീറിന് കളിക്കാന്‍ കഴിഞ്ഞുള്ളൂ. പാകിസ്ഥാനെതിരായ മോശം ഫോം ഗംഭീറിന്റെ കരിയറിനെ കാര്യമായി ബാധിച്ചതാണ് താരത്തിന് തിരിച്ചടിയായത്. പിന്നീട് ഫോമിലേക്ക് തിരിച്ചെത്താനും കഴിഞ്ഞില്ല” ഇര്‍ഫാന്‍ പറഞ്ഞു.

Read more

വിരാട് കോഹ്ലി ഒരിക്കല്‍ തന്റെ പന്തുകള്‍ ശരിയായി നിരീക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് തന്നോട് പറഞ്ഞതായും ഇര്‍ഫാന്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 130-135 കിലോമീറ്ററിലാണ് പന്ത് എത്തുന്നതെന്നാണ് കോലി കരുതിയിരുന്നത്. എന്നാല്‍, തന്റെ പന്തുകള്‍ 145 മണിക്കൂറില്‍ കിലോമീറ്ററിലാണ് എത്തിയിരുന്നത്. ഒരിക്കല്‍ തന്റെ പന്ത് പുള്‍ ചെയ്യാനുള്ള കോഹ്ലിയുടെ ശ്രമം വിജയിച്ചില്ല. ഒപ്പമുണ്ടായിരുന്ന യുവരാജ് തന്റെ പന്ത് പുള്‍ ചെയ്യരുതെന്ന് ഉപദേശിച്ചു. എന്നാല്‍, തന്റെ മൂന്നാമത്തെ പന്തില്‍ കോഹ്ലി വീണ്ടും പുള്‍ ഷോട്ടിന് ശ്രമിക്കുകയും പുറത്താവുകയും ചെയ്തതായും ഇര്‍ഫാന്‍ ഓര്‍ത്തെടുത്തു.