'എന്തുകൊണ്ടാണ് ഷോര്‍ട്ട് പിച്ച് പന്തുകളിലൂടെ വോക്‌സിന്റെ ശിരസ് ഉന്നമിടാതിരുന്നത്?'; പാക് ടീമിനെ വിമര്‍ശിച്ച് അക്തര്‍

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യം നേടിയ ശേഷം തോല്‍വി വഴങ്ങിയ പാകിസ്ഥാന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍താരം ശുഐബ് അക്തര്‍. വിഭജനകാലം മുതലുള്ള പിഴവുകള്‍ ഇന്നും ആവര്‍ത്തിച്ചതും ബാറ്റ്‌സ്മാന്‍മാരുടെ നിരുത്തരവാദപരമായ സമീപനവും പാക് ടീമിന്റെ തോല്‍വിയ്ക്ക് കാരണമായെന്ന് അക്തര്‍ ചൂണ്ടിക്കാട്ടുന്നു.

“രണ്ടാമിന്നിംഗ്‌സില്‍ പാകിസ്ഥാന്‍ നന്നായി ബാറ്റു ചെയ്തിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വലിയ വിജയലക്ഷ്യമുണ്ടാകുമായിരുന്നു. പക്ഷേ വിഭജനകാലം മുതലുള്ള പിഴവുകള്‍ പാക് ടീം ആവര്‍ത്തിച്ചു. ബാറ്റ്‌സ്മാന്‍മാരാണ് ടീമിന്റെ ആത്മവിശ്വാസം ഇല്ലാതാക്കിയത്. 100 റണ്‍സിന് മുകളിലുള്ള ഒന്നാമിന്നിംഗ്സ് ലീഡ് മുതലെടുക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കഴിഞ്ഞില്ല. മികച്ച കൂട്ടുകെട്ടുകളുടെ അഭാവവും തിരിച്ചടിയായി.”

England vs Pakistan: Pakistan

“ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലഭിച്ചിട്ടും അതു മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ എത്ര വലിയ താരമായിട്ടും കാര്യമില്ല. രണ്ടാമിന്നിംഗ്‌സില്‍ ഷാന്‍ മസൂദിനെ നിര്‍ഭാഗ്യം പിടികൂടിയെന്ന് പറയാം. എങ്കില്‍ കൂടി അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കി. ആസാദ് ഷഫീഖ് റണ്ണൗട്ടായത് അദ്ദേഹത്തിന്റെ മാത്രം പിഴവാണ്. ബാബര്‍ അസമിനെ പോലെ പേരുള്ള ഒരു താരത്തില്‍ നിന്ന് ഈ പ്രകടനം പോരെന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ നല്ല കളിക്കാരനായിരിക്കാം. പക്ഷേ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കേണ്ടിയിരിക്കുന്നു.”

England vs Pakistan 1st Test result: Pakistan Lost 1st Test ...

“ബൗളര്‍മാര്‍ കുറച്ചുകൂടി ആക്രമണോത്സുകത കാണിക്കണമായിരുന്നു. ക്രിസ് വോക്‌സ് ബാറ്റു ചെയ്യാനെത്തിയപ്പോള്‍ ഷോര്‍ട്ട് പിച്ച് പന്തുകളിലൂടെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ശിരസ് ഉന്നമിടാതിരുന്നത്? ബാറ്റ്‌സ്മാനെ ശല്ല്യപ്പെടുത്തി കൊണ്ടിരുന്നാല്‍ മാത്രമെ പുറത്താക്കാന്‍ അവസരം ലഭിക്കൂ.” അക്തര്‍ പറഞ്ഞു.