ചെന്നൈ സൂപ്പര്‍ താരത്തെ പുറത്താക്കാന്‍ മുറവിളി

ഐപിഎല്ലില്‍ ഫോം നഷ്ടപ്പെട്ട് ഉഴലുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സനെതിരെ ആരാധകരുടെ രോഷം. നിരവധി പേരാണ് വാട്‌സനെ ടീമിനന്റെ പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്താക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയിയില്‍ ഇതുസംബന്ധിച്ച് വലിയ ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്.

ഐപിഎല്ലിലെ ഈ സീസണില്‍ ഇതിനോടകം പത്ത് മത്സരങ്ങള്‍ കളിച്ച വാട്‌സന് ഇതുവരെ 147 റണ്‍സാണ് ആകെ സ്‌കോര്‍ ചെയ്യാനായത്. ഇതാണ് താരത്തിനെതിരെ ആരാധകര്‍ക്ക് രോഷം തോന്നാന്‍ കാരണം.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായിട്ടാണ് വാട്‌സണ്‍ ഈ സീസണില്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ഡല്‍ഹിയ്‌ക്കെതിരെ നേടിയ 44 റണ്‍സ് മാത്രമാണ് വാട്‌സന്റെ എടുത്ത് പറയാനാകുന്ന പ്രകടനം.

അതെസമയം ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റാണ് ചെന്നൈ സ്വന്തമാക്കിയിട്ടുളളത്. ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.