'മഹിക്കുവേണ്ടി ഒരു വിടവാങ്ങല്‍ മത്സരം ഒരുക്കണം'; അഭ്യര്‍ത്ഥനയുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. തികച്ചും അവിശ്വസിനീയമായ ഒരു വിടവാങ്ങല്‍. ഇപ്പോഴിതാ തങ്ങളുടെ മഹിക്കുവേണ്ടി ഒരു വിടവാങ്ങള്‍ മത്സരം ഒരുക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ട്വിറ്റിലൂടെയാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന ബി.സി.സി.ഐയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

“രാജ്യത്തിനും ജാര്‍ഖണ്ഡിനും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിരവധി നിമിഷങ്ങള്‍ സമ്മാനിച്ച വ്യക്തി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു ഇന്നു വിരമിച്ചിരിക്കുന്നു. ജാര്‍ഖണ്ഡിന്റെ പ്രിയ പുത്രന്‍ മഹിയെ ഇനി നീല ജഴ്സിയില്‍ നമുക്ക് ഒരിക്കലും കാണാന്‍ കഴിയില്ല. എന്നിരുന്നാലും നാട്ടുകാരുടെ ഹൃദയം ഇനിയും നിറഞ്ഞിട്ടില്ല. റാഞ്ചിയില്‍ മഹിക്കു ഒരു വിടവാങ്ങല്‍ മല്‍സരം തീര്‍ച്ചായും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനു ലോകം മുഴുവന്‍ സാക്ഷിയാവുകയും വേണം. മഹിക്കു വേണ്ടി ഒരു വിടവാങ്ങല്‍ മല്‍സരം സംഘടിപ്പിക്കാന്‍ ബിസിസിഐയോട് അഭ്യര്‍ഥിക്കുന്നു.” സോറന്‍ ട്വിറ്ററില്‍ കുറിച്ചു.

 ഒരു വര്‍ഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഐ.പി.എല്ലിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോള്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോക കപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന സെമിയാണ് ധോണിയുടെ കരിയറിലെ അവസാന മത്സരം.

Dhoni

538 മത്സരങ്ങള്‍, 17266 റണ്‍സുകള്‍, 16 സെഞ്ച്വറികള്‍, 108 അര്‍ധ സെഞ്ച്വറികള്‍, 359 സിക്സുകള്‍. 829 പുറത്താക്കലുകള്‍ എന്നിവയാണ് പടയിറങ്ങുമ്പോള്‍ ധോണിയുടെ മാറാപ്പിലുള്ളത്. ഈ കണക്കുകള്‍ക്കും അപ്പുറം കോടിക്കണക്കിന് ആരാധകമനസില്‍ തന്റേതായ ഒരിടം ആയാള്‍ നേടിക്കഴിഞ്ഞിരുന്നു. അതിന് ഒരുവിധ സ്ഥാനചലനവും ഉണ്ടാവില്ല എന്നുറപ്പ്.