ക്രിക്കറ്റിലെ ഒരു അത്യപൂര്‍വ സംഭവവികാസം, ഒരു ഓവര്‍ പൂര്‍ത്തിയാക്കിയത് മൂന്ന് ബോളര്‍മാര്‍ ചേര്‍ന്ന്!

ശങ്കര്‍ ദാസ്

മെര്‍വിന്‍ ധില്ലന്‍, കോട്‌നി വാല്‍ഷിനും അംബ്രോസിനും ശേഷം വിന്‍ഡീസിന്റെ പേസ് ബൗളിങ്ങിനെ നയിച്ചിരുന്നത് മെര്‍വിന്‍ ധില്ലന്‍ ആയിരുന്നു. ബോളിംഗ് ആക്ഷനില്‍ വാല്‍ഷുമായി ചെറിയ സാദൃശ്യം കൂടിയുള്ളതിനാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ക്രിക്കറ്റ് നിരീക്ഷകര്‍ ധില്ലനെ വിലയിരുത്തിയിരുന്നു.

1997ഇല്‍ ഇന്ത്യക്കെതിരായ ടെസ്റ്റിലൂടെയായിരുന്നു ധില്ലന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെക്കുള്ള രംഗപ്രവേശം. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വച്ച് നടന്ന ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ 35 ഓവര്‍ എറിഞ്ഞ ധില്ലന്‍ വീഴ്ത്തിയത് 3 വിക്കറ്റുകള്‍. സമനിലയില്‍ അവസാനിച്ച ടെസ്റ്റില്‍ ഇന്ത്യക്ക് രണ്ടാമത് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല.

തുടര്‍ന്നിങ്ങോട്ട് 38 ടെസ്റ്റുകള്‍ കളിച്ച ധില്ലന്‍ 131 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഏകദിനത്തിലും മികച്ച റെക്കോര്‍ഡ് ആണ് അദ്ദേഹത്തിന്റേത്. 108 കളിയില്‍ നന്ന് 4.62 എക്കണോമിയില്‍ 130 വിക്കറ്റുകള്‍.

ക്രിക്കറ്റിലെ ഒരത്യപൂര്‍വ സംഭവവികാസത്തിലും ധില്ലന്‍ പങ്കാളിയായി. 2001ഇല്‍ ശ്രീലങ്കക്കെതിരായുള്ള ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ആയിരുന്നു സംഭവം. ഓവറിലെ രണ്ട് പന്തുകള്‍ എറിഞ്ഞതിന് ശേഷം പരിക്ക് കാരണം ധില്ലന്‍ പിന്മാറിയപ്പോള്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഏല്പിച്ചത് കോളിന്‍ സ്റ്റുവര്‍ട്ടിനെ ആയിരുന്നു.

അടുത്ത മൂന്ന് പന്തുകളില്‍ രണ്ട് ബീമര്‍ എറിഞ്ഞതോടെ സ്റ്റുവര്‍ട്ടിനെ ബൗള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കി. ബാക്കി 3 പന്തുകള്‍ എറിഞ്ഞ് ഓവര്‍ പൂര്‍ത്തിയാക്കിയത് ക്രിസ് ഗെയ്ല്‍ ആയിരുന്നു. 3 ബൗളര്‍മാര്‍ ചേര്‍ന്ന് ഓരോവര്‍ പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരേയൊരു സംഭവമാണ് ഇത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായതിന്റെ, ഓര്‍ക്കാനിഷ്ടപ്പെടാത്ത റെക്കോര്‍ഡും ധില്ലന്റെ പേരിലുണ്ട്. ജൂണ്‍ 5- മെര്‍വിന്‍ ധില്ലന്റെ ജന്മദിനം.

Interview with Mervyn Dillon: "If a fast bowler said he never wanted to hurt the batsman, he would be lying"

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7