'ഇക്കാര്യത്തില്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും തുല്യരാണ്'; മുന്നറിയിപ്പുമായി കോഹ്‌ലി

ഐ.പി.എല്ലിലെ കോവിഡ് പ്രോട്ടോക്കോള്‍ എല്ലാവരും കൃത്യമായി തന്നെ പാലിക്കണമെന്ന നിര്‍ദേശവുമായി ബംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി. ഇക്കാര്യത്തില്‍ താന്‍ ഉള്‍പ്പെടെ എല്ലാവരും തുല്യരാണെന്നും മുതിര്‍ന്ന താരങ്ങള്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കണമെന്നും ടീം അംഗങ്ങളുമായി ഓണ്‍ലൈനില്‍ നടത്തിയ യോഗത്തില്‍ കോഹ്‌ലി പറഞ്ഞു.

“ബയോബബിള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം. പ്രോട്ടോക്കോള്‍ ലംഘനം ഗൗരവമായാണ് കാണുന്നത്. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും. ഇക്കാര്യത്തില്‍ നമുക്കെല്ലാം വലിയ ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ ഉള്‍പ്പെടെ എല്ലാവരും തുല്യരാണ്. മുതിര്‍ന്ന താരങ്ങള്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കണം. ദുബായ് നഗരം സുരക്ഷിതമാണ്.” കോഹ്‌ലി പറഞ്ഞു.

എല്ലാ ടീമും നിലവില്‍ ഹോട്ടലില്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയുകയാണ്. എട്ട് ഫ്രാഞ്ചൈസികളും എട്ട് വ്യത്യസ്ത ഹോട്ടലുകളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഡ്രസ്സിംഗ് റൂമിലും മറ്റും സാമൂഹിക അകലം പാലിക്കണം. ബയോ സെക്യുര്‍ മേഖലയില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.എല്‍ പെരുമാറ്റച്ചട്ടം മുന്‍നിര്‍ത്തി നടപടിയുണ്ടാകും. ചട്ടങ്ങള്‍ ലംഘിച്ച് പുറത്തു പോകുന്നവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം. ഇതിനുശേഷം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി ഫലം നെഗറ്റീവായാല്‍ മാത്രമെ വീണ്ടും ബയോ സെക്യുര്‍ മേഖലയില്‍ പ്രവേശിപ്പിക്കൂ.

Virat Kohli

സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ ആരംഭിക്കുന്നത്. 53 ദിവസം നീളുന്ന ടൂര്‍ണമെന്റിന് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളാണ് വേദിയാവുക. നവംബര്‍ 10-നാണ് ഫൈനല്‍.