ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദിവസം ധോണി കൊടുത്ത ഉപദേശം സ്വീകരിച്ചു ; ചഹര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വിലയേറിയ താരമായി

വെസ്റ്റിന്‍ഡീസിനെതിരേയുള്ള ട്വന്റി20 പരമ്പരയില്‍ പരിക്കേറ്റ് പുറത്തായെങ്കിലും ഭാവിയിലെ ഇന്ത്യന്‍ വാഗ്ദാനമാണെന്ന് കിട്ടിയ അവസരത്തില്‍ തന്നെ തെളിയിച്ച താരമാണ് ദീപക് ചഹര്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ ബൗളറായിട്ടാണ് തുടങ്ങിയതെങ്കിലും ബാറ്റിംഗിലും തനിക്ക് ചിലതൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്ക് എതിരേ നടന്ന പരമ്പരയില്‍ താരം തെളിയിക്കുകയും ചെയ്തു. എന്നാല്‍ തന്റെ ബാറ്റിംഗ് മികവിന് പിന്നില്‍ ഇന്ത്യയുടെ മൂന്‍ നായകന്‍ എംഎസ് ധോണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചഹര്‍.

ധോണിയുടെ ഉപദേശപ്രകാരമായിരുന്നു താരം ബാറ്റിംഗ് പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചത്. ധോണി ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദിവസം ഇരുവരും തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു ധോണി ഇക്കാര്യം പറഞ്ഞത്. ”ബൗളിംഗില്‍ താങ്കള്‍ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. എന്നാല്‍ ബാറ്റിംഗില്‍ അത് കാണുന്നില്ല. നിങ്ങള്‍ക്ക് നന്നായി ബാറ്റ്് ചെയ്യാനും കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കണം” ധോണി പറഞ്ഞു. ഇതിന് പിന്നാലെയാണ് ബാറ്റിംഗിലും താരം പരിശീലനം തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്ക് എതിരേ രണ്ടാം ഏകദിനത്തില്‍ 82 പന്തില്‍ 69 റണ്‍സ് താരം അടിച്ചതോടെയാണ് ചഹറിനെ ഓള്‍റൗണ്ടറായും പരിഗണിക്കാന്‍ തുടങ്ങിയത്. ഐപിഎല്‍ 2022 മെഗാലേലത്തില്‍ 14 കോടി മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ നില നിര്‍ത്തിയത്. കഴിഞ്ഞ നാലോ അഞ്ചോ സീസണായി ടീമിന്റെ ഏറ്റവും മികച്ച സീമര്‍മാരില്‍ ഒരാളാണ് ചഹര്‍. പന്ത് സ്വിംഗ് ചെയ്യിക്കാനുള്ള താരത്തിന്റെ മികവ് കളി ജയിപ്പിക്കുന്ന ബൗളറിലേക്കാണ് താരത്തെ ഉയര്‍ത്തി. അതേസമയം ബാറ്റിംഗിന് താരത്തിന് കാര്യമായി അവസരം കിട്ടിയിരുന്നില്ല.