നൂറ്റാണ്ടിന്റെ ക്യാച്ച് കണ്ട് അമ്പരന്ന് കോഹ്ലിയും ധവാനും, അവിശ്വസനീയം!

മൊഹാലി: ഇന്ത്യയ്‌ക്കെതിരെ ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്ക തോല്‍വി വഴങ്ങിയെങ്കിലും മത്സരത്തില്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് സ്വന്തമാക്കാന്‍ സന്ദര്‍ശകര്‍ക്കായി. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ അതിശയിപ്പിക്കുന്ന ക്യാച്ചെടുത്ത് പുറത്താക്കിയത്.

ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ ഓര്‍മ്മിക്കുന്ന വിധത്തിലുളള ക്യാച്ചായിരുന്നു അത്. ഇന്ത്യന്‍ ഇന്നിംഗ്സിലെ 12-ാം ഓവറിലെ നാലാം പന്തില്‍ സ്പിന്നര്‍ ഷംസിയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിലായിരുന്നു ധവാന്‍. എന്നാല്‍ ബൗണ്ടറി ലൈനിനരികെ നിന്ന് പറന്നെത്തിയ മില്ലര്‍ വലത്തോട്ട് പറന്ന് ഒറ്റകൈയില്‍ പന്ത് കോരിയെടുത്തു.

ലോകോത്തരം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ക്യാച്ച് കണ്ട് ശിഖര്‍ ധവാന് വിശ്വസിക്കാനായില്ല. അത്ഭുത ക്യാച്ച് കണ്ടതിന്റെ അമ്പരപ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മുഖത്തും പ്രകടമായിരുന്നു.

മികച്ച ബാറ്റിംഗുമായി നിലയുറപ്പിച്ച് കളിക്കവെയാണ് ധവാന്‍ പുറത്തായത്. 31 പന്തില്‍ നിന്ന് ഒരു സിക്സും നാല് ബൗണ്ടറിയും സഹിതം 40 റണ്‍സാണ് ധവാന്റെ സമ്പാദ്യം.

മത്സരം ഏഴ് വിക്കറ്റിന് ടീം ഇന്ത്യ വിജയിച്ചു. ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കിനില്‍ക്കേ ഇന്ത്യ നേടി. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.