ഇന്ത്യയെ നോവിച്ച് ഇന്ത്യന്‍ വംശജര്‍; ആരാധ്യപുരുഷന് രചിന്‍ നല്‍കിയത് സങ്കടം

കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ തച്ചുടച്ചത് ഇന്ത്യന്‍ വംശജരായ ന്യൂസിലന്‍ഡ് താരങ്ങള്‍. രചിന്‍ രവീന്ദ്രയും അജാസ് പട്ടേലും ഇന്ത്യയുമായി ആഴമേറിയ ബന്ധമുള്ളവരാണ്. അവസാന ദിനം ഇരുവരും ഉരുക്കുകോട്ട പോലെ ക്രീസില്‍ നിലയുറപ്പിച്ചതാണ് സമനിലയുമായി ഇന്ത്യ കരകയറാനുള്ള പ്രധാന കാരണം.

ആദ്യ ടെസ്റ്റില്‍ വിജയത്തിലേക്കുള്ള അജിന്‍ക്യ രഹാനെയുടേയും കൂട്ടരുടേയും യാത്രക്ക് വിഘാതം സൃഷ്ടിച്ചതില്‍ പ്രധാനിയായ രചിന്‍ രവീന്ദ്ര ഇന്ത്യക്കാരായ മാതാപിതാക്കളുടെ പുത്രനാണ്. ക്രിക്കറ്റ് ഇതിഹാസങ്ങളായരാഹുല്‍ ദ്രാവിഡിനോടും സച്ചിന്‍ ടെണ്ടുല്‍ക്കറോടുമുള്ള താരത്തിന്റെ മാതാപിതാക്കളുടെ ആരാധനയുടെ ഫലമായാണ് രചിന്‍ എന്ന പേര്. ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യക്കാണ് രചിന്‍ കൂച്ചുവിലങ്ങിട്ടതെന്നത് മറ്റൊരു രസകരമായ കാര്യം. അജാസ് പട്ടേല്‍ മുംബൈയിലാണ് ജനിച്ചത്. എട്ടു വയസുവരെ മഹാനഗരത്തില്‍ വളര്‍ന്ന ശേഷം അജാസ് ന്യൂസിലന്‍ഡിലേക്ക് പറിച്ചുനടപ്പെട്ടു.

ഇന്ത്യയുമായി അടുത്ത ബന്ധമുള്ള ഇരുവരും കാണ്‍പൂരിലെ അഞ്ചാം ദിനം കളിച്ചു തീര്‍ത്തത് 114 പന്തുകളാണ്. 91 പന്തില്‍ 18 റണ്‍സോടെ രചിനും 23 പന്തില്‍ രണ്ടു റണ്‍സുമായി അജാസും കീഴടങ്ങാതെ നിന്നതോടെ ഇന്ത്യ ജയത്തില്‍ നിന്ന് അകന്നുപോയി. അവസാന ഓവറുകളില്‍ രചിന്‍- അജാസ് സഖ്യത്തെ പുറത്താക്കാന്‍, ആര്‍. അശ്വിനും അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും അടങ്ങുന്ന ഇന്ത്യന്‍ സ്പിന്‍ ത്രയം കിണഞ്ഞു ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അതോടെ ഉറപ്പിച്ച ജയം കൈവിട്ട് ഇന്ത്യക്ക് കരകയറേണ്ടി വന്നു.