കോഹ്ലിയ്‌ക്കെതിരെ ആഞ്ഞടിച്ച് സെവാഗ്

ന്യൂഡല്‍ഹി : വിരാട് കോഹ്ലിയുടെ നായകത്വശേഷിയെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്ര സെവാഗ്. കോഹ്ലി കളത്തില്‍ വരുത്തുന്ന തെറ്റുകള്‍ തിരുത്തിക്കാന്‍ ശേഷിയുളള താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ലെന്ന് പറഞ്ഞ സെവാഗ് കോഹ്ലിയുടെ അതേ മികവ് മറ്റ് താരങ്ങളില്‍ നന്നും പ്രതീക്ഷിച്ചതാണ് അദ്ദേഹത്തിന് പറ്റുന്ന പിഴവെന്നും ചൂണ്ടികാണിക്കുന്നു.

കോഹ്ലി ഏത് മോശം സാഹചര്യത്തിലും മികവ് പുലര്‍ത്താന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണെങ്കിലും നായകനെന്ന നിലയില്‍ കോഹ്ലിയ്ക്ക് തെറ്റുകള്‍ സംഭവിക്കുകയാണെന്ന് സെവാഗ് പറയുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെയണ് ഇന്ത്യന്‍ നായകനെതിരെ സെവാഗ് ആഞ്ഞടിക്കുന്നത്. ഒരു സ്വകാര്യ ടിവി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്.

“തീരുമാനങ്ങളെടുക്കുന്നതില്‍ നായകനെ സഹായിക്കാനും തെറ്റു പറ്റുമ്പോള്‍ തിരുത്താനും കഴിവുള്ള മൂന്നോ നാലോ താരങ്ങള്‍ എല്ലാ ടീമിലും കാണും. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ അത്തരം താരങ്ങളുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. ഡ്രസിങ് റൂമില്‍ കോഹ്‌ലിയുടെ ടീം തിരഞ്ഞെടുപ്പ് ചോദ്യം ചെയ്യാന്‍ ശേഷിയുള്ള താരളുണ്ടോയെന്നും സംശയമാണ്. കഴിവിന്റെ കാര്യത്തില്‍ കോഹ്‌ലിക്കൊപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ടീമിലില്ല എന്നതാണ് അതിന് കാരണം” സെവാഗ് പറഞ്ഞു

തന്നെപ്പോലെ തന്നെ കളിക്കാനാണ് മറ്റു താരങ്ങളോടും കോഹ്‌ലി ആവശ്യപ്പെടുന്നത്. ഇതാണ് അദ്ദേഹം അവരില്‍നിന്ന് പ്രതീക്ഷിക്കുന്നതും. അതില്‍ തെറ്റൊന്നും പറയാനുമില്ല. സച്ചിന്‍ ക്യാപ്റ്റനായിരുന്ന സമയത്ത് മറ്റുള്ളവരോട് റണ്‍സ് നേടണമെന്ന് ആവശ്യപ്പെട്ടിരുന്നത് എനിക്ക് ഓര്‍മയുണ്ട്. എനിക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കു പറ്റുന്നില്ല എന്നാണ് ഈ നിലപാടിന്റെ അര്‍ഥം, എന്നാല്‍ ഇത് ശരിയായ നിലപാടല്ലെന്നും സെവാഗ് സൂചിപ്പിക്കുന്നു.

എന്നാല്‍ ടീം പരിശീലകന്‍ രവി ശാസത്രിയെ വിമര്‍ശിക്കാന്‍ സെവാഗ് തയ്യാറല്ല. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പരിശീലകനില്‍നിന്ന് കോഹ്‌ലിക്കു ലഭിക്കുന്നുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് സെവാഗ് പറഞ്ഞു. എന്നാല്‍ അത് കളത്തില്‍ നടപ്പാക്കുന്നുണ്ടോ എന്നാണ് മനസിലാകാത്തതെന്നും അടുത്ത ടെസ്റ്റില്‍ തിരിച്ചടികളില്‍ നിന്ന് പാഠം ഉള്‍കൊള്ളണമെന്നും സെവാഗ് ആവശ്യപ്പെട്ടു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ രണ്ട് ടെസ്റ്റുകളിലും ടീം തെരഞ്ഞെടുപ്പില്‍ കോഹ്ലിയ്ക്ക് പിഴവ് സംഭവിച്ചതായും രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടാല്‍ കോഹ്‌ലി ടീമില്‍നിന്ന് മാറിനില്‍ക്കണമെന്നു പോലും സെവാഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോഹ്ലിയുടെ നായകത്വശേഷിയില്ലായിമ ചൂണ്ടികാട്ടി സെവാഗ് വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.