വിരാടിന് ഒന്നും സംഭവിക്കില്ല; രൂക്ഷമായി പ്രതികരിച്ച് ബി.സി.സി.ഐ

ട്വന്റി20 ലോക കപ്പിനു ശേഷം വിരാട് കോഹ്ലി ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് കോഹ്ലിയുടെ തീരുമാനമെന്നും പറയപ്പെടുന്നു. എന്നാല്‍ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വിരാടിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തയെ തള്ളിക്കളയുന്നു. കോഹ്ലിയുടെ നായക സ്ഥാനത്തിന് ഇളക്കമുണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.

വിരാട് സ്ഥാനമൊഴിയുമെന്ന വാര്‍ത്ത അസംബന്ധമാണ്. അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല. മാധ്യമങ്ങളാണ് എല്ലാം പറയുന്നത്. ക്യാപ്റ്റന്‍സി പങ്കിടുന്നത് സംബന്ധിച്ച് ബിസിസിഐ യോഗങ്ങള്‍ ചേര്‍ന്നിട്ടില്ല- അരുണ്‍ ധുമാല്‍ പറഞ്ഞു. എല്ലാ ഫോര്‍മാറ്റിലും കോഹ്ലി ക്യാപ്റ്റനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടെസ്റ്റില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോഹ്ലിയിലെ നായകന് വലിയ വിജയങ്ങള്‍ അന്യമാണ്. കോഹ്ലിക്ക് കീഴില്‍ ഐസിസി ട്രോഫികളൊന്നും ഇന്ത്യ നേടിയിട്ടില്ല. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയെ ഏകദിന, ട്വന്റി20 ടീമുകളുടെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.