ഹിറ്റ്മാനല്ല.. ഇത് ഡക്ക്മാന്‍..; നാണക്കേടിന്റെ റെക്കോഡില്‍ രോഹിത് ശര്‍മ്മ

ടി20 ക്രിക്കറ്റില്‍ 10 വട്ടം ഡക്കാവുന്ന ആദ്യ ഇന്ത്യന്‍ താരമായി നായകന്‍ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ മൂന്നാം ടി20യില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് രോഹിത് നാണക്കേടിന്റെ റെക്കോഡില്‍ തന്റെ പേര് ചേര്‍ത്തത്. ഈ കലണ്ടര്‍ വര്‍ഷം രോഹിത് ടി20യില്‍ ഇത് മൂന്നാം വട്ടമാണ് രോഹിത് പൂജ്യത്തിന് പുറത്താവുന്നത്.

അതോടൊപ്പം, ടി20യില്‍ രണ്ടക്കം കടക്കാതെ ഏറ്റവും കൂടുതല്‍ വട്ടം പുറത്താവുന്ന താരവുമായും രോഹിത് മാറി. 43 വട്ടമാണ് രോഹിത് രണ്ടക്കം കടക്കാവനാവാതെ മടങ്ങിയത്. അയര്‍ലന്‍ഡിന്റെ കെവിന്‍ ഓബ്രിയനെയാണ് (42) രോഹിത് ഇവിടെ മറികടന്നത്.

ടി20യില്‍ മറ്റൊരു ബോളര്‍ക്കുമില്ലാത്ത നാണക്കേടിന്റെ റെക്കോഡില്‍ ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലും എത്തി. ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്ത ബോളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് ഹര്‍ഷല്‍ പട്ടേലിനെ തേടിയെത്തിയത്. ഈ വര്‍ഷം ഏഴു തവണയാണ് താരം 40 പ്ലസ് റണ്‍സ് വിട്ടുകൊടുത്തത്.

ഇന്ത്യ 49 റണ്‍സിനു പരാജയപ്പെട്ട മത്സരത്തില്‍ റണ്‍സ് വാരിക്കോരി നല്‍കുന്ന ഹര്‍ഷലിനെയാണ് കാണാനായത്. നാലോവറില്‍ 49 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 12.2 ഇക്കോണമി റേറ്റിലായിരുന്നു ഇത്. വിക്കറ്റൊന്നും വീഴ്ത്തിയതുമില്ല.