ഇന്ത്യന്‍ പെണ്‍കുട്ടിയുമായി വിവാഹം, ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് ഹസന്‍ അലി

ഇന്ത്യന്‍ പെണ്‍കുട്ടിയുമായി തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലി. തങ്ങള്‍ പ്രണയത്തിലാണെന്ന് പരോക്ഷമായി സമ്മതിക്കുന്ന പാക് താരം വിവാഹം തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകളെ തള്ളി.

‘എന്റെ വിവാഹം തീരുമാനിച്ചിട്ടില്ലെന്ന് അറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതുവരെ ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നേരിട്ട് കാണുകയോ അതിനെ കുറിച്ച് തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. ഏറെ വൈകാതെ ഇക്കാര്യത്തില്‍ ഒരു പൊതു അറിയിപ്പ് നല്‍കാനാകുമെന്നാണ് കരുതുന്നത്, ഇന്‍ഷാ അള്ളാ’ ഹസന്‍ അലി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പാക് പേസ് ബൗളര്‍ ഹസന്‍ അലിയാണ് ഇന്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഷമിയ അര്‍സൂ എന്ന ഇന്ത്യന്‍ പെണ്‍കുട്ടിയാണ് ഹസന്‍ അലിയുടെ ജീവിത പങ്കാളിയാകുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇരുവരും തമ്മിലുള്ള നിക്കാഹ് ചടങ്ങുകള്‍ ഓഗസ്റ്റ് 20-ന് ദുബായില്‍ വെച്ച് നടക്കുമെന്നും വാര്‍ത്തകളിലുണ്ടായിരുന്നു.

ദുബായില്‍ വെച്ചാണ് ഹസന്‍ അലിയും ഷമിയയും തമ്മില്‍ കണ്ടുമുട്ടിയത്. പിന്നീട് സുഹൃത്തുക്കളായി മാറിയ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹരിയാന സ്വദേശിയായ ഷമിയ സ്വകാര്യ എയര്‍ലൈനില്‍ ജോലി ചെയ്യുകയാണ്. ഇംഗ്ലണ്ടില്‍ നിന്ന് എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ഷമിയ മാതാപിതാക്കളുമൊത്ത് ദുബായിലാണ് താമസം. പാകിസ്ഥാന് വേണ്ടി ഒന്‍പത് ടെസ്റ്റുകളും 53 ഏകദിനങ്ങളും കളിച്ച താരമാണ് ഹസന്‍.

ഇതാദ്യമായല്ല ഒരു പാക് ക്രിക്കറ്റ് താരം ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്യുന്നത്. നേരത്തെ പാക് ക്രിക്കറ്റ് താരങ്ങളായ സഹീര്‍ അബ്ബാസ്, മുഹ്‌സിന്‍ ഖാന്‍ ഷുഹൈബ് മാലിക്ക് എന്നിവരും ഇന്ത്യക്കാരികളെയാണ് ജീവിത പങ്കാളിയാക്കിയത്. മുന്‍ പാക് നായകന്‍ കൂടിയായ ഷുഹൈബ് മാലിക്ക് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം ചെയ്തത് ഏറെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു.