പെട്ടെന്ന് ഒരുനാള്‍ പിടിച്ചു ക്യാപ്റ്റനാക്കിയതല്ല, സജ്ജമാകാന്‍ മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞു ; ധോണിയെ കുറിച്ച് ജഡേജ

ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ പരാജയ പരമ്പരയില്‍ തനിക്കും ധോണിയ്ക്കും നേരെ ഉയരുന്ന വിമര്‍ശനത്തിന് മറുപടി പറഞ്ഞ് സിഎസ്‌കെ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ. ഒരു ദിവസം
അപ്രതീക്ഷിതമായി നായകസ്ഥാനം തലയില്‍വെച്ചു തന്നതല്ലെന്നും മാസങ്ങള്‍ക്ക് മുമ്പേ തന്നെ നായകസ്ഥാനം കൈമാറുമെന്നതിന്റെ സൂചന ധോണി നല്‍കിയിരുന്നെന്നും ജഡേജ പറഞ്ഞു. സിഎസ്‌കെ പോലൊരു ടീമിന്റെ നായകസ്ഥാനം പെട്ടെന്ന് ഒരു ദിവസം കൈമാറി ജഡേജയുടെ ഉള്ള കളികൂടി നഷ്ടമാക്കിയെന്നാണ് ധോണിക്കെതിരേ ഉയരുന്ന വിമര്‍ശനം.

എന്നാല്‍ നായസ്ഥാനം താന്‍ വിടുമെന്നും ടീമിനെ ഏറ്റെടുക്കാന്‍ മാനസീകമായും ശാരീരികമായും തയ്യാറായിരിക്കണമെന്നുമുള്ള സൂചന ധോണി നേരത്തേ തന്നെ തനിക്ക നല്‍കിയിരുന്നെന്നാണ് ജഡേജ പറയുന്നത്. ഇതനുസരിച്ച് താന്‍ തയ്യാറായിരുന്നെന്നും അല്ലാതെ സമ്മര്‍ദ്ദം ചെലുത്തി നായകസ്ഥാനം പിടിച്ചുവാങ്ങുകയല്ലായിരുന്നെന്നും താരം പറഞ്ഞു. തനിക്ക് തന്റെ കഴിവില്‍ വിശ്വാസമുണ്ടെന്നും മാനസീകമായി ടീമിനെ നയിക്കാന്‍ താന്‍ സജ്ജമായിരുന്നു എന്നും പറഞ്ഞു.

ഇക്കാര്യത്തില്‍ തനിക്ക സമ്മര്‍ദ്ദം ഇല്ലായിരുന്നു. നായകനായുള്ള തന്റെ ജന്മവാസനയെ ഉപയോഗിക്കാനാണ് നോക്കിയത്. എന്റെ മനസ്സില്‍ നിന്നും വരുന്നത് അനുസരിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. താരം പറഞ്ഞു. ഞായറാഴ്ച പഞ്ചാബ് കിംഗ്‌സ് ഇലവനെതിരേയുള്ള മത്സരം കൂടി പരാജയപ്പെട്ടതോടെയാണ് ജഡേജയുടെ ക്യാപ്റ്റന്‍സി സംബന്ധിച്ച വിവാദം തടുങ്ങിയത്. ഈ സീസണിലെ ആദ്യത്തെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതോടെ ഇനി ബാക്കിയുള്ള 11 മത്സരങ്ങളില്‍ 7-8 മത്സരമെങ്കിലും ടീം ജയിച്ചാലേ പ്‌ളേഓഫില്‍ കടക്കൂ. ഐപിഎല്ലിലെ അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് നേരിടുന്നത്.