രാജ്യസഭയില്‍ പറയാന്‍ പറ്റാഞ്ഞത് സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു

രാജ്യസഭയിലെ കന്നിപ്രസംഗം ബഹളം കാരണം അവതരിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും സച്ചിന്‍ അങ്ങനെ തോറ്റു കൊടുക്കാന്‍ തയ്യാറല്ല. രാജ്യസഭയില്‍ പറയാന്‍വെച്ചത് ഫെയ്‌സ് ബുക്കിലൂടെ രാജ്യത്തോട് പങ്കുവെച്ചിരിക്കുകയാണ് സച്ചിന്‍. കായികമേഖലയില്‍ സമൂലമായ മാറ്റമാണ് ആവശ്യമെന്നും, രാജ്യത്തെ പാഠ്യപദ്ധതിയില്‍ കായികവിനോദവും ഇടംപിടിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭയില്‍ എത്തിയിട്ട് നാല് വര്‍ഷമായെങ്കിലും അദ്ദേഹം ആദ്യമായാണ് ഇന്നലെ രാജ്യസഭയില്‍ പ്രസംഗിക്കാന്‍ എണീറ്റത്. കളിക്കാനുള്ള അവകാശവും ഇന്ത്യയിലെ കായികമേഖലയുടെ ഭാവിയെപ്പറ്റിയുമാണ് സച്ചിന്‍ രാജ്യസഭയില്‍ സംസാരിക്കാനിരുന്നത്. എന്നാല്‍, അദ്ദേഹം സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴേക്കും രാജ്യസഭയില്‍ ബഹളം തുടങ്ങി.

മന്‍മോഹന്‍സിംഗിനെക്കുറിച്ചുള്ള നരേന്ദ്ര മോഡിയുടെ പാകിസ്താന്‍ബന്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. ചെയറിലുണ്ടായിരുന്ന ഉപപ്രധാനമന്ത്രി വെങ്കയ്യാ നായിഡു പ്രതിപക്ഷ കക്ഷി അംഗങ്ങളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. സച്ചിനെ തടസപ്പെടുത്തിയതിനെചൊല്ലി രാഷ്ട്രീയവാഗ്വാദം കൊഴുക്കുന്നതിനിടെയാണ് തനിക്ക് പറയാനുള്ളതെല്ലാം ഫെയ്‌സ്ബുക്കിലൂടെ സച്ചിന്‍ പങ്കുവച്ചത്.

കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായി വിദ്യാഭ്യാസം നല്‍കുകയെന്നതിനൊപ്പംതന്നെ അവര്‍ക്ക് കളിക്കാനുള്ള അവകാശംകൂടി നല്‍കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ കായികവിനോദം ഉള്‍പ്പെടുത്തണമെന്നും രാജ്യത്ത് പുതിയ കായികസംസ്‌കാരം കെട്ടിപ്പടുക്കണമെന്നും സച്ചിന്‍ പറയുന്ന്ു. ആരോഗ്യമുള്ള തലമുറയ്ക്കായി ഇതാവശ്യമെന്നും സച്ചിന്‍പറഞ്ഞു. കായിക വിനോദങ്ങള്‍ക്കായി കുട്ടികള്‍ സമയം ചിലവഴിക്കുന്നുണ്ടോയെന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും സച്ചിന്‍ തന്റെ വീഡിയോയില്‍ ആവശ്യപ്പെടുന്നു.

https://www.facebook.com/SachinTendulkar/videos/1753046098052915/