ഇന്ത്യന്‍ ടീമിലേക്ക്‌ ഇനിയൊരു തിരിച്ചുവരവില്ല, രഹാനേയും പൂജാരയും വീണ്ടും തോറ്റു ; രഞ്‌ജിട്രോഫിയില്‍ ചീപ്പ്‌ സ്‌കോറിന്‌ പുറത്തായി...!!

ഇന്ത്യന്‍ ടെസ്‌റ്റ്‌ ടീമിലേക്ക്‌ തിരിച്ചുവരാനുള്ള വെറ്ററന്‍ താരങ്ങളുടെ ശ്രമത്തിന്‌ വീണ്ടും തിരിച്ചടി. രഞ്‌ജിട്രോഫി ക്രിക്കറ്റില്‍ കഴിവ്‌ തെളിയിക്കാനിറങ്ങിയ ചേതേശ്വര്‍ പൂജാരയും അജിങ്ക്യാരഹാനേയും ചീപ്പ്‌ സ്‌കോറിന്‌ പുറത്തായി. ഗോവയ്‌ക്ക്‌ എതിരേ രഹാനേ പൂജ്യത്തിന്‌ പുറത്തായപ്പോള്‍ ഒഡീഷയ്‌ക്ക്‌ എതിരേ പൂജാരയ്‌ക്ക്‌ നേടാനായതാകട്ടെ എട്ടു റണ്‍സും.

ഗോവയ്‌ക്ക്‌ എതിരേ മുംബൈയ്‌ക്ക്‌ വേണ്ടി കളിക്കാനിറങ്ങിയ രഹാനേയ്‌ക്ക്‌ വെറും മൂന്ന്‌ പന്തുകള്‍ മാത്രമാണ്‌ നേരിട്ടത്‌. മീഡിയം പേസര്‍ ലക്ഷയ്‌ ഗര്‍ഗിന്‌ മുന്നില്‍ വീഴുകയായിരുന്നു. 30 ന്‌ രണ്ടു വിക്കറ്റ്‌ നഷ്ടമായി മുംബൈ പതറുന്ന നേരത്തായിരുന്നു രഹാനേ ക്രീസിലേക്ക്‌ വന്നത്‌. താരം പുറത്തായതോടെ 30 ന്‌ മൂന്ന്‌ എന്ന നിലയിലായി മുംബൈ.

സൗരാഷ്‌ട്രയ്‌ക്ക്‌ എതിരേ കഴിഞ്ഞ രഞ്‌്‌ജി മത്സരത്തില്‍ മുംബൈയ്‌ക്ക്‌ വേണ്ടി സെഞ്ച്വറി നേടിയതാരമാണ്‌ രഹാനേ. എന്നാല്‍ ഗോവയ്‌ക്ക്‌ എതിരേ എലൈറ്റ്‌ ഗ്രൂപ്പ്‌ ഡി യില്‍ നടന്ന മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ അക്കൗണ്ട്‌ തുറക്കാന്‍ പോലും കഴിഞ്ഞില്ല. ഒഡീഷയ്‌ക്ക്‌ എതിരേ സൗരാഷ്‌ട്രയ്‌ക്ക്‌ വേണ്ടി ബാറ്റിംഗിനിറങ്ങിയ പൂജാരയ്‌ക്കും കിട്ടിയത്‌ തിരിച്ചടിയാണ്‌.

രണ്ടു ബൗണ്ടറി നേടിയാണ്‌ പൂജാര തുടങ്ങിയതെങ്കിലും അതില്‍ തന്നെ നിന്നു. എട്ടു റണ്‍സിന്‌ ദേബബ്രത പ്രധാന്റെ പന്തില്‍ പുറത്താകുകയായിരുന്നു. രഞ്‌ജിയിലെ ആദ്യ മത്സരത്തില്‍ മൂംബൈയ്‌ക്ക്‌ എതിരേ പൂജാര ആദ്യ ഇന്നിംഗ്‌സില്‍ നാലു പന്ത്‌ നേരിട്ട്‌ ഡക്കാകുകയായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ 83 പന്തില്‍ 91 റണ്‍സ്‌ അടിച്ചു തിരിച്ചുവരികയും ചെയ്‌്‌തിരുന്നു.