ഇന്ത്യയോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല, ബട്ട്‌ലര്‍ താന്‍ പറഞ്ഞതോര്‍ത്ത് പരിതപിക്കുന്നുണ്ടാവും

കെ. നന്ദകുമാര്‍ പിള്ള

ഇന്ത്യയോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല.. ടി20 സീരീസ് തുടങ്ങുന്നതിനു മുന്‍പ്, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ പറഞ്ഞതാണിത്. പക്ഷെ ടി20 സീരീസും, ആദ്യ ഏകദിനവും കഴിഞ്ഞപ്പോള്‍ അങ്ങനെ ഒരു പ്രസ്താവന നടത്തേണ്ടിയിരുന്നില്ല എന്ന് തീര്‍ച്ചയായും ബട്ട്‌ലര്ക്ക് തോന്നിയിട്ടുണ്ടാകും.

എന്തൊരു വിജയമായിരുന്നു ഇത്.. ടോസ് ജയിക്കുന്നു, ബൗളിംഗ് തിരഞ്ഞെടുക്കുന്നു. എതിര്‍ ടീമിനെ കുറഞ്ഞ സ്‌കോറിന് പുറത്താക്കുന്നു.. പത്ത് വിക്കറ്റിന് വിജയിക്കുന്നു. ഇതിനപ്പുറം എങ്ങനെയാണ് ഒരു ടീമിന് മറ്റൊരു ടീമിനെ അടിച്ചമര്‍ത്താന്‍ ആകുക. ഇന്ത്യയുടെ ഏഴാമത്തെ 10 വിക്കറ്റ് വിജയമാണിത്. ഇംഗ്ലണ്ടിനെതിരെ ആദ്യത്തേതും.

ക്യാപ്റ്റന്‍ ആഗ്രഹിച്ച പോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച രീതിയിലാണ് ബൗളര്‍മാര്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. കണ്ണടച്ച് തുറക്കും മുന്‍പ്, ഇംഗ്ലണ്ടിന്റെ മൂന്നു പ്രധാന ബാറ്റര്‍മാര്‍ പുറത്ത്. ഒരു ഇന്ത്യന്‍ ബൗളറുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പ്രകടനവുമായി ജസ്പ്രീത് ബുംറ(6 / 19) നിറഞ്ഞാടിയപ്പോള്‍ മൂന്നു വിക്കറ്റുമായി ഷമിയും ഒരു വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും മികച്ച പിന്തുണ നല്‍കി. ബുമ്രയുടെ ആറു വിക്കറ്റുകളില്‍ നാലെണ്ണവും ബൗള്‍ഡ് ആയിരുന്നു. ഏറ്റവും കൗതുകകരമായ കാര്യം, ബട്ട്‌ലര്‍ ഒഴിച്ച് മറ്റെല്ലാവരും പുറത്തായത് ബൗള്‍ഡ് / കീപ്പര്‍ ക്യാച് / കോട്ട് ആന്‍ഡ് ബൗള്‍ഡ് ആയിട്ടാണ്. ഒന്‍പതാം വിക്കറ്റില്‍ അത്രയും റണ്‍സ് വന്നില്ലായിരുന്നെങ്കില്‍ ഇംഗ്ലണ്ട് നൂറു കടക്കില്ലായിരുന്നു.

തീരുമാനിച്ച് ഉറപ്പിച്ചു തന്നെയാണ് രോഹിതും ധവാനും ക്രീസിലെത്തിയത്. ഒരു വിക്കറ്റ് പോലും കളയില്ല എന്നത് തുടക്കത്തില്‍ തന്നെ അവരുടെ ബോഡി ലാംഗുവേജില്‍ പ്രകടമായിരുന്നു. എത്ര നാളായി രോഹിത് ഇങ്ങനെ സിക്സറുകള്‍ പായിക്കുന്നതു കണ്ടിട്ട്. അതും എണ്ണം പറഞ്ഞ അഞ്ചു സിക്സറുകള്‍. അതില്‍ ഒരെണ്ണം ആ പാവം കുഞ്ഞിന്റെ ദേഹത്ത് തട്ടി എന്നത് മാത്രമാണ് ഒരു സങ്കടം.

ആക്രമിച്ചു കളിക്കുന്ന രോഹിതിന് പിന്തുണ നല്‍കുക എന്നതായിരുന്നു ധവാന്റെ ലക്ഷ്യം. ധവാന്റെ ആ തീരുമാനം, ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ മികച്ച വിജയം നേടാന്‍ സഹായിച്ചു എന്ന് മാത്രമല്ല, കെന്നിങ്ടണ്‍ ഓവലില്‍ ധവാന്‍ പുലര്‍ത്തിപ്പോരുന്ന മികച്ച ആവറേജ് നില നിര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു.

ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിതിന്റെ മികച്ച ദിവസമായിരുന്നു ഇന്ന്. കൃത്യമായ ഫീല്‍ഡ് പ്ലേസ്മെന്റുകള്‍, ബൗളിംഗ് ചേഞ്ചുകള്‍, അര്‍ദ്ധ സെഞ്ചുറി.. ക്യാപ്റ്റന്‍സി പ്രഷര്‍ രോഹിതിനെ ഇതുവരെ ബാധിച്ചിട്ടില്ല എന്ന് തോന്നുന്നു. അത് തുടരട്ടെ എന്നാഗ്രഹിക്കാം.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍