പാകിസ്ഥാനെ തകര്‍ത്തു, ഇംഗ്ളണ്ടിന് റെക്കോഡ് വിജയം

പാകിസ്ഥാനെതിരെ അഞ്ചാം ഏകദിനത്തിലും ഇംഗ്ലണ്ടിന് മികച്ച ജയം. 54 റണ്‍സാണ് പാകിസ്ഥാനെ ഇംഗ്ലണ്ട് തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 352 റണ്‍സ് വിജയലക്ഷ്യമാണ് പാകിസ്ഥാന് മുന്നില്‍ വെച്ചത്. എന്നാല്‍ പാക് മറുപടി 297ല്‍ ഒതുങ്ങുകയായിരുന്നു.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കി. ആദ്യ ഏകദിനം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

മത്സരവിജയത്തോടെ ഇംഗ്ലണ്ടിനെ തേടി അപൂര്‍വ്വ റെക്കോഡുമെത്തി. ഇതാദ്യമായാണ് ഏകദിന ചരിത്രത്തില്‍ ഒരു ടീം തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ 300ന് മേല്‍ സ്‌കോര്‍ ചെയ്യുന്നത്. പാകിസ്ഥാനും ഈ റെക്കോഡ് സ്വന്തമാക്കാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ 297ല്‍ പുറത്തായതോടെ സുവര്‍ണാവസരം കളഞ്ഞ് കുളിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുളള നായകന്‍ ഇയാന്‍ മോര്‍ഗന്റെ തീരുമാനം ശരിവെയ്ക്കുന്ന വിധത്തിലായിരുന്നു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. ജോറൂട്ട് 84-ലും ഓയിന്‍ മോര്‍ഗന്‍ 76-ഉം റണ്‍സെടുത്തു. ജെയിംസ് വിന്‍ (33) ബെയര്‍സ്‌റ്റോ (32) ജോസ് ബട്ടലര്‍ (34) എന്നിവരുടെ പ്രകടനവും നിര്‍ണായകമായപ്പോള്‍ 50 ഓവറില്‍ എമ്പത്  വിക്കറ്റ്  നഷ്ടത്തിലാണ് ഇംഗ്ലണ്ട് 351 റണ്‍സെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് തുടക്കം തകര്‍ച്ചയോടൊയിരുന്നു. എന്നാല്‍ നാലാം വികറ്റില്‍ നായകന്‍ സര്‍ഫറാസ് അഹമ്മദും ബാബര്‍ അസമും 146 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും മത്സരം വിജയിക്കുന്നതിലേക്ക് എത്തിയില്ല. ബാബര്‍ അസം 80-ഉം സര്‍ഫറാസ് 97-ഉം റണ്‍സുത്തു.

54 റണ്‍സ് വഴങ്ങിയ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്‌സാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്.