ഇന്ത്യയെ വിയര്‍പ്പിക്കാന്‍ സൂപ്പര്‍ താരത്തെ തിരിച്ചു വിളിച്ചു, രണ്ടും കല്‍പിച്ച് കിവീസ്

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരേ ടി20 പരമ്പരയ്ക്കുളള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കെയ്ന്‍ വില്യംസണ്‍ തിരിച്ചെത്തിയതാണ് ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ടി20 ടീമില്‍ വില്യംസണ്‍ കളിച്ചിരുന്നില്ല. കിവീസിനെ നയിക്കുന്നതും വില്യംസണ്‍ തന്നെയാണ്.

പ്രമുഖ താരങ്ങളെല്ലാം അടങ്ങിയതാണ് കിവീസ് ടീം. വലം കൈയന്‍ പേസര്‍ ഹാമിഷ് ബെന്നറ്റാണ് ന്യൂസിലാന്‍ഡ് ടീമിലെ ഏക പുതുമുഖം. സൂപ്പര്‍ സ്മാഷ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ച സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരത്തിനു ടി20 ടീമിലേക്കു വഴി തുറന്നത്.

പരിക്കിനെ തുടര്‍ന്നു സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് ഈ പരമ്പരയില്‍ ന്യൂസിലാന്‍ഡിനു വേണ്ടി പന്തെറിയില്ല. പകരം ടിം സോത്തിയായിരിക്കും പേസ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക. പരിക്കേറ്റതിനാല്‍ പേസര്‍ ലോക്കി ഫെര്‍ഗൂസനും ടീമില്‍ ഇല്ല.

ജനുവരി 24-നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്. ടി20 പരമ്പരയ്ക്കു ശേഷം മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളും കൂടി ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കും.

കിവീസ് ടീം: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയലര്‍, ടോം ബ്രൂസ് (നാല്, അഞ്ച് മല്‍സരങ്ങളില്‍ മാത്രം), കോളിന്‍ ഡി ഗ്രാന്‍ഡോം (ആദ്യ മൂന്നു കളികളില്‍ മാത്രം), സ്‌കോട്ട് ക്യുഗെലൈന്‍, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്നര്‍, ടിം സെയ്ഫേര്‍ട്ട്, ഇഷ് സോധി, ടിം സോത്തി, ബ്ലെയര്‍ ടിക്നര്‍, ഹാമിഷ് ബെന്നറ്റ്.