ദക്ഷിണാഫ്രിക്കയില്‍ 82 വര്‍ഷത്തിന് ശേഷം പുതുചരിത്രം; ഇന്ത്യയും ഭാഗം

ദക്ഷിണാഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റിന് വേദിയായ ന്യൂലാന്‍ഡ് സ്റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത് 82 വര്‍ഷത്തിനു ശേഷമുള്ള പുതിയ ചരിത്രം. വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമും ന്യൂലാന്‍ഡിന്റെ ചരിത്രത്തിന്റെ ഭാഗമായി. 82 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു മത്സരത്തിനിടയില്‍ ഒരു ദിവസം പൂര്‍ണമായും നഷ്ടപ്പെടുന്നത്. ന്യൂലാന്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ മൂന്നാം ദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.

സ്‌പോര്‍ട്ട്24 റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇതിന് മുമ്പ് ഈ സ്റ്റേഡിയത്തില്‍ ഒരു ദിവസം പൂര്‍ണമായും ഈ സ്റ്റേഡിയത്തില്‍ കളി ഉപേക്ഷിച്ചത് 1936ലാണ്. 1936 ജനുവരിയില്‍ ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനമായിരുന്നു ന്യൂലാന്‍ഡ് സ്റ്റേഡിയത്തില്‍ അന്ന് ഉപേക്ഷിച്ചത്. വിക്ടര്‍ റിച്ചാര്‍ഡ്‌സന്റെ കീഴില്‍ നാല് ദിവസ ടെസ്റ്റ് മത്സരത്തിനായിരുന്നു ഓസ്‌ട്രേലിയ അന്ന് ന്യൂലാന്‍ഡിലെത്തിയിരുന്നത്. മത്സരത്തില്‍ ഒരു ഇന്നിങ്‌സിനും 78 റണ്‍സിനും ഓസ്‌ട്രേലി വിജയികളായി.

ഇന്ത്യയുമായുള്ള ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് സ്‌കോര്‍. ഇതോടെ ആതിഥേയരുടെ ലീഡ് 142 റണ്‍സായി. കളിയുടെ നാലാം ദിനവും മഴ ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.