ആശങ്കപ്പെട്ടത് സംഭവിച്ചു, ഇന്ത്യ തകര്‍ന്നടിഞ്ഞു, പേസര്‍മാര്‍ രക്ഷയ്ക്കെത്തുമോ?

ന്യൂസിലാന്‍ഡിനെതിരെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 165 റണ്‍സിന് പുറത്ത്. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ കിവീസിന്റെ പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയ്ക്കായി 46 റണ്‍സെടുത്ത ഉപനായകന്‍ രഹാനെ മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രണ്ട് വിക്കറ്റിന് 90 റണ്‍സ് എടുത്തിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ എട്ട് വിക്കറ്റ് അവശേഷിക്കെ 72 റണ്‍സ് കൂടി മതി കിവീസിന്. 11 റണ്‍സെടുത്ത ടോം ലാഥമിനേയും 30 റണ്‍സെടുത്ത ബ്ലുന്‍ഡെല്ലിനേയും ആണ് കിവീസിന് നഷ്ടമായത്. ഇഷാന്ത് ശര്‍മ്മയാണ് ഇരുവിക്കറ്റുകള്‍ സ്വന്തമാക്കിയത്. 32 റണ്‍സുമായി വില്യംസനും 16 റണ്‍സുമായി റോസ് ടെയ്‌ലറും ക്രീസിലുണ്ട്.

അരങ്ങേറ്റ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയത ജാമിന്‍സനും മുതിര്‍ന്ന ബൗളര്‍ ടിം സൗത്തിയുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ജാമിന്‍സന്‍ 16 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. സൗത്തിയാകട്ടെ 20.1 ഓവറില്‍ 49 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. ബോള്‍ട്ടാണ് അവശേഷിച്ച ഏക വിക്കറ്റിന് ഉടമ.

ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ അഞ്ചിന് 122 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് പന്തിനെ (19) ആയിരുന്ന. നിര്‍ഭാഗ്യകരമായ റണ്ണൗട്ടിലൂടെയായിരുന്നു പന്ത് പുറത്തായത്. തൊട്ടടുത്ത പന്തില്‍ പൂജ്യനായി അശ്വിന്‍ കൂടി മടങ്ങി. പിന്നീട് രഹാന കൂടി പുറത്തായതോടെ ഇന്ത്യ 150 പോലു കടക്കില്ലെന്ന് കരുതി.

ഏന്നാല്‍ വാലറ്റത്ത് 20 പന്തില്‍ 21 റണ്‍സ് സ്വന്തമാക്കിയ ഷമി ഇന്ത്യയെ 165ല്‍ എത്തിക്കുകയായിരുന്നു. ഇഷാന്ത് ശര്‍മ്മ അഞ്ച് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഭുംറ റണ്‍സൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.