ന്യൂസിലന്‍ഡിനെ തറപറ്റിക്കണം; ടീമിലെ പ്രമാണിമാരുടെ തലയുരുളും

ട്വന്റി20 ലോക കപ്പിലെ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക സൂപ്പര്‍ 12 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാവും. പാകിസ്ഥാനോടേറ്റ വന്‍ തോല്‍വിയാണ് ഏതാനും കളിക്കാരെ ഒഴിവാക്കാന്‍ ടീം മാനെജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്.

ബോളിംഗ് നിരയിലാകും പ്രധാനമായും പുതിയ പരീക്ഷണങ്ങള്‍ നടത്തുക. പാകിസ്ഥാനോട് സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും പൂര്‍ണമായും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ വരുണിനെ മാറ്റി രാഹുല്‍ ചഹാറിനെയോ ആര്‍. അശ്വിനേയോ കളിപ്പിച്ചേക്കും. പേസ് നിരയില്‍ ഷാര്‍ദുല്‍ താക്കൂറിന് ഇടം നല്‍കിയാലും അതിശയിക്കേണ്ടതില്ല. ഭുവനേശ്വര്‍ കുമാറിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്ക് ഭേദമാകാത്ത പശ്ചാത്തലത്തില്‍ യുവ ബാറ്റര്‍ ഇഷാന്‍ കിഷനും വഴി തെളിഞ്ഞേക്കും. ബോള്‍ ചെയ്യാത്ത ഹാര്‍ദിക്ക് ബാറ്റര്‍ എന്ന നിലയിലാണ് നിലവില്‍ കളിക്കുന്നത്. അതിനാല്‍ തന്നെ മികച്ച ഫോമിലുള്ള ഇഷാന് ടീമില്‍ സ്ഥാനം നല്‍കണമെന്നാണ് പൊതുവെയുള്ള അഭിപ്രായം.

പാകിസ്ഥാനോടേറ്റ കനത്ത തോല്‍വിക്ക് പ്രധാന കാരണം ബോളര്‍മാരുടെ നിറംമങ്ങലാണ്. ഭുവനേശ്വര്‍ കുമാറിനെയും മുഹമ്മദ് ഷമിയെയും പോലുള്ള പരിചയസമ്പന്നര്‍ക്കു പോലും പാകിസ്ഥാനെ തടയാന്‍ സാധിച്ചില്ല. അതുകൊണ്ട് ആത്മവിശ്വാസം തകര്‍ന്ന ചില കളിക്കാരെ ഒഴിവാക്കി ന്യൂസിലന്‍ഡിനെ നേരിടാനാണ് ഇന്ത്യയുടെ നീക്കം.